തൃശൂർ: അനാഥാലയത്തിൽ വച്ച് മരിച്ച പിതാവിന്റെ മൃതദേഹം കാണാനോ വീടിനകത്ത് കയറ്റാനോ തയ്യാറാകാതെ മകനും മരുമകളും മുങ്ങി. പൂട്ടിയ വീടിന്റെ മുറ്റത്ത് ബന്ധുക്കളും നാട്ടുകാരും ചേർന്ന് വയോധികന്റെ അന്ത്യയാത്രാ കർമ്മങ്ങൾ നടത്തി. തൃശൂർ അരിമ്പൂരിലാണ് സംഭവം. അരിമ്പൂർ കൈപ്പിള്ളി റിങ്ങ് റോഡിൽ തോമസിനാണ് (78) അന്ത്യയാത്രയിലും മക്കളുടെ അവഗണന നേരിട്ടത്.

ബുധനാഴ്ച രാവിലെയായിരുന്നു തോമസ് മണലൂരിലെ അഗതി മന്ദിരത്തിലെ അന്തേവാസിയായ തോമസ് മരിച്ചത്. എന്നാൽ വിവരമറിഞ്ഞ മകനും മരുകളും വീട് പൂട്ടിപോവുകയായിരുന്നു. ഇവർ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു. ഇതോടെ വീട്ടിലെത്തിച്ച മൃതദേഹം അകത്ത് കയറ്റാനാകാതെ പുറത്ത് കിടത്തേണ്ടിവരികയായിരുന്നു. മറ്റൊരു അഗതി മന്ദിരത്തിൽ കഴിഞ്ഞിരുന്ന തോമസിന്റെ ഭാര്യ റോസിലിയും ബന്ധുക്കളും ഏറെ നേരം മകനായി മൃതദേഹവുമായി കാത്തിരിക്കുകയും ചെയ്തു. തുടർന്ന് വീടിന് പുറത്ത് കിടത്തി ബന്ധുക്കളും നാട്ടുകാരും ചേർന്ന് അന്ത്യയാത്രാ കർമ്മങ്ങൾ നടത്തി. വൈകീട്ട് എറവ് സെന്റ് തെരേസാസ് പള്ളിയിൽ തോമസിന്റെ മൃതദേഹം സംസ്‌കരിച്ചു. പിതാവിന്റെ അന്ത്യയാത്രാ ചടങ്ങുകളിൽ പങ്കെടുക്കാതെ മകൻ മാറിനിൽക്കുകയായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു.


മകനും മരുമകളും മർദിക്കുന്നതായി ആരോപിച്ച് തോമസ്, ഭാര്യ റോസിലി എന്നിവർ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥർ എത്തി ഇവരെ മണലൂരിലെ അഗതി മന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു. ഇതിന് ശേഷം മാസങ്ങളായി തോമസും റോസിലിയും മണലൂരിലെ വ്യത്യസ്ത അഗതി മന്ദിരത്തിൽ താമസിച്ച് വരികയായിരുന്നു.























