നീണ്ടകാലത്തെ പരിശ്രമത്തിനൊടുവിലാണ് നടൻ സൂരി മുൻനിര നായകന്മാരുടെ നിരയിൽ എത്തിനിൽക്കുന്നത്. പെയ്ന്റിങ് തൊഴിലാളിയിൽ നിന്നും തമിഴ്സിനിമയിലെ നായകനിരയിലേക്കുള്ള സൂരിയുടെ യാത്ര ആർക്കും പ്രചോദനമാകുന്നതാണ്. പ്രതിസന്ധികളിൽ തളരാതെ, അവനവനെ നിരന്തരം വീണ്ടെടുത്ത് മുന്നോട്ട് പോയ സൂരിയുടെ ജീവിതകഥ സിനിമയേക്കാൾ നാടകീയവും സംഭവബഹുലമാണ്. ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത്, തമിഴ് സിനിമയിലെ ഹാസ്യതാരങ്ങളിൽ ഒരാളായി മാറിയ ശേഷമാണ് സൂരി നായകനാകുന്നത്.

വിടുതലൈ, കൊട്ടുകാളി, തുടങ്ങിയ സിനിമകളിൽ സൂരിയുടെ പ്രകടനം അമ്പരപ്പിക്കുന്നതായിരുന്നു. അറിയപ്പെടുന്ന താരമായിരിക്കുമ്പോഴും താൻ വന്ന വഴികൾ സൂരി ഇന്നും മറന്നിട്ടില്ല. കഴിഞ്ഞ ദിവസം തന്റെ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കുന്നതിന്റെ വീഡിയോ സൂരി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. തന്റെ നാട്ടിൽ നിന്നുമുള്ള വിഡിയോയാണ് താരം പങ്കുവച്ചത്. ‘എന്റെ സ്വന്തം രാജക്കൂർ മണ്ണിൽ സന്തോഷത്തോടെ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കുന്നു’ എന്നായിരുന്നു വിഡിയോയ്ക്കൊപ്പം സൂരി കുറിച്ചത്.


എന്നാൽ ഒരാൾ സൂരിയെ അവഹേളിക്കാൻ ശ്രമിച്ചു.’തിണ്ണയിൽ കിടന്നവന് പൊടുന്നനെ മെച്ചപ്പെട്ട ജീവിതം വന്നത്രേ’ എന്നായിരുന്നു അയാളുടെ കമന്റ്. ഇതിന് സൂരി നൽകിയ മറുപടി സോഷ്യൽ മീഡിയയുടെ കയ്യടി നേടുകയാണ്. ”തിണ്ണയിൽ അല്ല സുഹൃത്തേ, പല ദിവസവും രാത്രികളിൽ റോഡിൽ ഇരുന്നും ഉറങ്ങിയും ജീവിച്ചവനാണ് ഞാൻ. ആ വഴികളിലൂടെ വന്നാണ് ജീവിതത്തിന്റെ മൂല്യവും സത്യവും ഞാൻ പഠിച്ചത്. താങ്കളുടെ വളർച്ചയിൽ വിശ്വാസമർപ്പിച്ച് മുന്നേറിയാൽ വിജയം തീർച്ചയായും താങ്കളേയും തേടി വരും” എന്നാണ് സൂരി നൽകിയ മറുപടി. കഷ്ടപ്പാടുകളിൽ നിന്നും സ്വയം വഴി വെട്ടി വിജയത്തിലേക്ക് എത്തിയ സൂരിയുടെ മറുപടിയ്ക്ക് കയ്യടിക്കുകയാണ് ആരാധകർ.























