തൃശ്ശൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണ സന്ദര്‍ശനത്തിനിടെ ആളുകുറഞ്ഞതിന് പാർട്ടി പ്രവർത്തകരോട് ക്ഷുഭിതനായി ബി.ജെ.പി നേതാവും സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി. സന്ദർശത്തിനെത്തിയ സ്ഥലത്ത് പാര്‍ട്ടി പ്രവര്‍ത്തകരുടെ എണ്ണം കുറഞ്ഞതോടെ അദ്ദേഹം സ്ഥലത്തുനിന്ന് മടങ്ങാനൊരുങ്ങി. ശാസ്താംപൂവ് ആദിവാസി കോളനിയിലെ സന്ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു സംഭവം.

കോളനിയിലെത്തിയപ്പോൾ പ്രദേശത്ത് ആളുകളുടെ എണ്ണം കുറവായിരുന്നു. ഇതാണ് അദ്ദേഹത്തെ ആദ്യം ക്ഷുഭിതനാക്കിയത്.കൂടാതെ, 25 പേരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിട്ടില്ലെന്ന വിവരം അറിഞ്ഞതോടെ അദ്ദേഹം വീണ്ടും ദേഷ്യപ്പെടുകയായിരുന്നു. സ്ഥലത്തെ ബൂത്ത് ഏജന്റുമാർക്കും പ്രവർത്തകർക്കും എന്താണ് ജോലിയെന്ന് അദ്ദേഹം ചോദിച്ചു.


‘എന്താണ് ബൂത്തിന്റെ ജോലി. എന്ത് ആവശ്യത്തിനാണ് എന്നെ അങ്ങോട്ട് കൊണ്ടുപോകുന്നത്. നിങ്ങൾ എനിക്ക് വോട്ട് മേടിച്ച് തരാനാണെങ്കിൽ വോട്ട് ചെയ്യേണ്ട പൗരൻ അവിടെ ഉണ്ടാകേണ്ടേ. നമ്മൾ യുദ്ധത്തിനല്ല ഇറങ്ങിയിരിക്കുന്നത്. നമ്മൾ അവർക്ക് നേട്ടമുണ്ടാക്കാനാണ് ഇറങ്ങിയിരിക്കുന്നത്. അതിന് എന്നെ സഹായിച്ചില്ലെങ്കിൽ നാളെ ഞാൻ തിരുവനന്തപുരത്തേക്ക് പോകും. അവിടെ പോയി രാജീവ് ചന്ദ്രശേഖരന് വേണ്ടി പ്രവർത്തിച്ചോളാം’, സുരേഷ് ഗോപി പറഞ്ഞു.























