തിരുപ്പതി: സഹോദരഭാര്യയെയും ഇവരുടെ രണ്ടുമക്കളെയും കുത്തിക്കൊന്നശേഷം ടെക്കി യുവാവ് ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ തിരുപ്പതി മുനിറെഡ്ഡി നഗറിലായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം. മുനിറെഡ്ഡി നഗര്‍ സ്വദേശിയും സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമായ മോഹന്‍ ആണ് സഹോദരന്‍ ദോസ്സിന്റെ ഭാര്യ സുനിത, മക്കളായ ദേവിശ്രീ, നീരജ എന്നിവരെ കൊലപ്പെടുത്തിയത്. ഇതിനുശേഷം മോഹന്‍ വീട്ടിലെ സീലിങ് ഫാനില്‍ തൂ ങ്ങി മരിക്കുകയായിരുന്നു. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.

മോഹന്റെ വിവാഹവുമായി ബന്ധപ്പെട്ട് കുടുംബത്തില്‍ ഏറെനാളായി പ്രശ്‌നങ്ങള്‍നിലനില്‍ക്കുന്നുണ്ടായിരുന്നു. മോഹന് ഇഷ്ടമില്ലാതെയാണ് മൂത്തസഹോദരനായ ദോസ്സും കുടുബംവും ഇയാളുടെ വിവാഹം നടത്തിയത്. വീട്ടുകാര്‍ ആലോചിച്ച വിവാഹത്തിനായി സഹോദരന്‍ ഇയാളെ നിര്‍ബന്ധിച്ചു. എന്നാല്‍, വിവാഹശേഷം മോഹനും ഭാര്യയും തമ്മില്‍ തര്‍ക്കങ്ങളുണ്ടായി. ഇരുവരും വേര്‍പിരിഞ്ഞായി താമസം. ഇതോടെ ദമ്പതിമാരെ വീണ്ടും ഒന്നിപ്പിക്കാനായി മൂത്തസഹോദരനും ഭാര്യ സുനിതയും വിഷയത്തില്‍ ഇടപെട്ടു. ഇതുസംബന്ധിച്ച പ്രശ്‌നങ്ങളാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. മേല്‍നടപടികള്‍ സ്വീകരിച്ചശേഷം നാലുപേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

























