എല്ലാ മതസ്ഥരും ഒന്നിച്ചു നടത്തിയ പരിപാടി: നന്ദഗോവിന്ദം ഭജൻസിനെ പിന്തുണച്ച് ക്ഷേത്രകമ്മിറ്റി

ക്ഷേത്രത്തിലെ പരിപാടിയിൽ നന്ദഗോവിന്ദം ഭജൻസ് ക്രിസ്തീയ ഭക്തിഗാനം ആലപിച്ചത് വിവാദമാക്കുന്നതിനെതിരെ നട്ടാശ്ശേരി വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി രം​ഗത്ത്. നന്ദഗോവിന്ദം ഭജൻസ് ക്രിസ്തീയ ഭക്തി ഗാനം പാടിയതിൽ ഒരു തെറ്റും കാണുന്നില്ലെന്ന് ക്ഷേത്ര കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഗ്രാമത്തിലുള്ള എല്ലാവരും വളരെ സൗഹാർദപരമായാണ് ജീവിക്കുന്നതെന്നും ഇത്തരത്തിലുള്ള വിവാദം ഇളക്കിവിട്ട് നിലവിലുള്ള അവസ്ഥയെ തകർക്കരുതെന്നും ക്ഷേത്ര കമ്മിറ്റി ആവശ്യപ്പെട്ടു.

നന്ദഗോവിന്ദം ഭജൻസ് നടത്തിയ പ്രോഗ്രാമുമായി ബന്ധപ്പെട്ട് ഈ സാഹചര്യത്തിൽ ഒരു കാര്യം പറയാതിരിക്കാൻ വയ്യ, അതും പ്രത്യേകിച്ച് ക്ഷേത്രത്തെ സംബന്ധിച്ചാകുമ്പോൾ. നന്ദഗോവിന്ദം ഭജൻസ് കഴിഞ്ഞ പതിനാലാം തീയതി ഒരു പ്രോഗ്രാം ഞങ്ങളുടെ ക്ഷേത്രവുമായി ബന്ധപ്പെട്ട് നടത്തിയിരുന്നു. ക്ഷേത്ര പുനർനിർമാണം നടക്കുന്നതു കൊണ്ട് അതിന് ഒരു പ്രചാരണമെന്ന രീതിയിൽ നന്ദഗോവിന്ദം ഭജൻസ് സൗജന്യം ആയി ക്ഷേത്രത്തിനു വേണ്ടി നടത്തിയ പ്രോഗ്രാമാണ്. അത് കുറച്ചു പേർ വളരെയധികം വിവാദത്തിൽ എത്തിച്ചിരിക്കുകയാണ്. ഒരു കാര്യം പ്രത്യേകമായി പറയാനുള്ളത് ഒന്നാമതായി ഈ പ്രോഗ്രാം നടന്നത് ക്ഷേത്ര മതിൽക്കെട്ടിനകത്തല്ല. അതിനുള്ളിൽ സ്ഥലമില്ലാതിരുന്നതു കൊണ്ട് വെളിയിൽ ഒരു സ്ഥലം അതിനു വേണ്ടി ഒരുക്കി എടുക്കുകയാണ് ചെയ്തത്. തന്നെയുമല്ല ഈ നാട്ടിലുള്ള എല്ലാ വിഭാഗം ജനങ്ങളും അതിന് ഇന്ന മതം എന്നൊന്നുമില്ല, എല്ലാവരും ഒരുമിച്ച് സഹകരിച്ചാണ് ഈ പ്രോഗ്രാം ഇവിടെ നടത്തിയത്. നന്ദഗോവിന്ദത്തിന്റെ സ്വന്തം തട്ടകം, അവർ വളർന്നത് ഇവിടെ നിന്നാണ്, നവീൻ എൽകെജി മുതൽ പഠിച്ചത് ഇവിടത്തെ പള്ളി സ്കൂളിലാണ്. പഠിപ്പിച്ചതിൽ എല്ലാ വിഭാഗത്തിലുമുള്ള ടീച്ചർമാരുമുണ്ട്. അതിനാൽത്തന്നെ പ്രോഗ്രാം കേൾക്കാൻ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരുപോലെ സഹകരിച്ചിരുന്നു. ജനബാഹുല്യം കണക്കിലെടുത്ത് ഫ്രീ പാസ്സോടു കൂടിയാണ് പ്രോഗ്രാം കൺട്രോൾ ചെയ്തത്. ഈ നാട്ടിലുള്ള എല്ലാവർക്കും പ്രോഗ്രാം കാണുന്നതിനും കേൾക്കുന്നതിനും ജാതിമതഭേദമന്യേ പാസുകൾ വീട്ടിലെത്തിച്ചിരുന്നു. എല്ലാവരും വരികയും പ്രോഗ്രാം കേൾക്കുകയും ചെയ്തു.ഈ അമ്പലത്തിൽ നടക്കുന്ന എല്ലാ പരിപാടികൾക്കും എല്ലാ മതസ്ഥരും സഹകരിക്കുന്നുണ്ട്. ഇവിടത്തെ ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്. താലപ്പൊലി കടന്നു പോകുമ്പോൾ അവർ വഴിയരികിൽ തിരി തെളിയുന്നതുമെല്ലാം വർഷവും നടക്കുന്നതാണ്. അതാണ് ഈ നാട്ടിലെ സമ്പ്രദായവും ഈ നാട്ടിലെ ഏകതയുമെന്ന് ക്ഷേത്ര കമ്മിറ്റി പറഞ്ഞു. വിഡിയോ വൈറലായതോടെ സമൂഹമാധ്യമങ്ങളിൽ എതിർപ്പുമായി ഒരുവിഭാഗം പ്രത്യക്ഷപ്പെടുകയായിരുന്നു. ക്ഷേത്രത്തിന്റെ പരിപാടിയിൽ ക്രിസ്തീയഭക്തി ഗാനം പാടിയത് ശരിയായില്ല എന്നായിരുന്നു ഇവരുടെ വാദം. ഇതിനെതിരെയാണ് ഇപ്പോൾ ക്ഷേത്ര കമ്മിറ്റി തന്നെ മുന്നോട്ട് വന്നിരിക്കുന്നത്.