തൈപ്പൊങ്കൽ: സംസ്ഥാനത്ത് വ്യാഴാഴ്ച ആറ് ജില്ലകൾക്ക് അവധി

തിരവനന്തപുരം: തമിഴ്നാട്ടിലെ മുഖ്യ ആഘോഷമായ തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് അതിർത്തി ജില്ലകൾക്ക് ഈമാസം 15-ന് പ്രാദേശിക അവധി. ഇടുക്കി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകൾക്കാണ് അവധി. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളാണ് ഇവ. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്. പൊങ്കൽ ആഘോഷത്തോടനുബന്ധിച്ചു തമിഴ്‌നാട്ടിൽ 15 മുതൽ 18 വരെയുള്ള 4 ദിവസങ്ങൾ (ഞായർ ഉൾപ്പെടെ) തുടർ അവധിയാണ്. വിളവെടുപ്പ് ഉത്സവമാണ് തൈപ്പൊങ്കൽ.

വിളവെടുപ്പിന്റെ സമൃദ്ധി നൽകിയതിനു സൂര്യദേവനു നന്ദി പറയുന്ന ആചാരമായാണ് ഇതു കൊണ്ടാടുന്നത്. ബോഗി പൊങ്കൽ, തൈപ്പൊങ്കൽ, മാട്ടുപ്പൊങ്കൽ, കാണുംപൊങ്കൽ എന്നിവയാണ് പൊങ്കലിനോടനുബന്ധിച്ചുള്ള പ്രധാന ആഘോഷദിവസങ്ങൾ. 14നാണ് ബോഗി പൊങ്കൽ ആഘോഷിക്കുന്നത്. പഴയ സാധനങ്ങളൊക്കെ കത്തിച്ചു കളഞ്ഞു പുതുമയെ വരവേൽക്കുകയാണ് ബോഗി പൊങ്കലിന്റെ സങ്കൽപം.