പിഞ്ചുകുഞ്ഞിനെ കടലിലെറിഞ്ഞു കൊന്ന കേസ്: അമ്മ ശരണ്യ കുറ്റക്കാരി, കാമുകനെ വെറുതെ വിട്ടു

തളിപ്പറമ്പ്: കണ്ണൂർ തയ്യിലിൽ പിഞ്ചുകുഞ്ഞിനെ കടലിലെറിഞ്ഞു കൊന്ന കേസിൽ ഒന്നാം പ്രതിയായ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി. രണ്ടാം പ്രതിയും ശരണ്യയുടെ കാമുകനുമായിരുന്ന നിധിനെ വെറുതെ വിട്ടു. ഗൂഢാലോചന, കുറ്റകൃത്യം ചെയ്യാനുള്ള സഹായം, പ്രേരണ എന്നീ കുറ്റങ്ങൾ തെളിയിക്കാനായില്ലെന്ന് കോടതി കണ്ടെത്തി. ഇക്കാര്യത്തിൽ പ്രോസിക്യൂഷനും പൊലീസിനും വീഴ്ച പറ്റിയെന്നും കോടതി വിലയിരുത്തി.

പൊലീസ് സദാചാര പൊലീസ് ചമഞ്ഞതായും കോടതി വിമർശിച്ചു. തളിപ്പറമ്പ് അഡീഷനൽ സെഷൻസ് ജഡ്ജി കെ.എൻ. പ്രശാന്താണ് ശരണ്യ കുറ്റക്കാരിയാണെന്ന് വിധിച്ചത്. ശിക്ഷ വെള്ളിയാഴ്ച വിധിക്കും. ബുധനാഴ്ച ശിക്ഷാ വിധിയിന്മേൽ വാദം കേൾക്കും. എന്തെങ്കിലും പറയാനുണ്ടോ എന്ന് ശരണ്യയോട് കോടതി ചോദിച്ചു. 27 വയസ്സ് മാത്രമാണുള്ളതെന്നും സഹായിക്കാൻ ആരുമില്ലെന്നും ശരണ്യ പറഞ്ഞു. മറ്റൊരു കേസിലും പ്രതിയല്ല.

മാനസിക പിരിമുറുക്കം ഉൾപ്പെടെ നേരിടുന്നുണ്ട്. കോടതി ദയ കാണിക്കണമെന്നും ശരണ്യ പറഞ്ഞു. 2020 ഫെബ്രുവരി 17നാണ് ശരണ്യ, മകൻ തയ്യിൽ കൊടുവള്ളി ഹൗസിൽ വിയാനെ (ഒന്നര) തയ്യിൽ കടൽത്തീരത്തെ പാറയിൽ എറിഞ്ഞു കൊലപ്പെടുത്തിയത്. നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിനൊടുവിൽ ശരണ്യയുടെ വീട്ടിൽ നിന്നും 50 മീറ്റർ അകലെയുള്ള കടൽ ഭിത്തിയിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.