തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ നിലവിൽ പ്രതിനിധീകരിക്കുന്ന മലയിൻകീഴ് ജില്ലാ ഡിവിഷനിൽ സിപിഎമ്മിനുള്ളിൽ പൊട്ടിത്തെറി. നിലവിലെ സ്ഥാനാർഥി സുരേഷ് ബാബുവിനെതിരെ പാർട്ടിക്കുള്ളിലുള്ള എതിർപ്പാണ് പ്രശ്നങ്ങൾക്ക് വഴി വച്ചത്.

മലയിൻകീഴ് പഞ്ചായത്തിലെ മലയിൻകീഴ് വാർഡിൽ സിപിഎം സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സരിതകുമാരിയുടെ ഭർത്താവും സജീവ സിപിഎം പ്രവർത്തകനുമായ മണികണ്ഠൻ ആശാരി (ഷിബു) ആണ് സിപിഎമ്മിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി സുരേഷ് ബാബുവിനെതിരെ റിബലായി മത്സരിക്കുന്നത്. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതിക്കുള്ളിൽ മണികണ്ഠൻ ആശാരിയെ കൊണ്ട് നോമിനേഷൻ പിൻവലിപ്പിക്കാൻ സിപിഎം ശ്രമിച്ചെങ്കിലും അദ്ദേഹം അതിനു തയ്യാറായില്ല.


മലയിൻകീഴിൽ കാലങ്ങളായി രൂക്ഷമായിരുന്ന സിപിഎമ്മിനുള്ളിലെ വിഭാഗീയതയാണ് നിലവിലെ വാർഡ് സ്ഥാനാർത്ഥിയുടെ ഭർത്താവ് തന്നെ ജില്ലാ ഡിവിഷനിൽ റിബലാകുന്നതിന് വഴി വച്ചത്. തെരഞ്ഞെടുപ്പിൽ ഓരോ ഗ്രൂപ്പ് നേതാക്കൾക്കും സ്ഥാനങ്ങൾ വീതം വച്ച് നൽകി പ്രശ്നം പരിഹരിക്കാൻ ജില്ലാ നേതൃത്വം ശ്രമിച്ചെങ്കിലും താഴെത്തട്ടിൽ ഇതുവരെയും പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ല. സുരേഷ് ബാബുവിനെതിരായ മത്സരത്തിൽ നിന്നും പിന്മാറാൻ മണികണ്ഠൻ ആശാരിയുമായി ആത്മബന്ധമുള്ള ഗ്രൂപ്പ് നേതാക്കൾ ഇടപെട്ടില്ലെന്ന അമർഷം സുരേഷ് ബാബു പക്ഷക്കാർക്കും ഉണ്ട്. നിലവിൽ മലയിൻകീഴ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കൂടിയായ സുരേഷ് ബാബു പഞ്ചായത്ത് പ്രസിഡണ്ടിനെ മാറ്റിനിർത്തി പല പരിപാടികളിലും പാർട്ടിക്ക് അതീതമായ അപ്രമാദിത്വം കാണിക്കുന്നു എന്ന വിമർശനം എതിർഗ്രൂപ്പുകാർക്ക് വളരെ കാലമായി ഉണ്ടായിരുന്നു. ആ എതിർപ്പാണ് ഇപ്പോൾ ജില്ലാ ഡിവിഷനിലെ റിബൽ ശല്യത്തിന് കാരണമായാത്. സിപിഎമ്മിനുള്ളിൽ സുരേഷ് ബാബുവിനെതിരെ പുകയുന്ന അമർഷം തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ആശങ്കയിലാണ് പാർട്ടി നേതൃത്വം.























