മലപ്പുറം: കോഴിക്കോട്-മലപ്പുറം പാതയിൽ മൊറയൂരിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച രാവിലെ സ്വകാര്യ ബസും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പാലക്കാട് സ്വദേശി സക്കീന, ബാസില, കാർ ഓടിച്ച ഷിയാസ് എന്നിവരാണ് മരിച്ചത്. മണ്ണാർക്കാട് സ്വദേശിയാണ് കാർ ഡ്രൈവർ ഷിയാസ്.

അപകടസമയത്ത് കാറിൽ അഞ്ച് യാത്രക്കാരാണ് ഉണ്ടായിരുന്നത്. കൊണ്ടോട്ടി ഭാഗത്തുനിന്ന് മഞ്ചേരിയിലേക്ക് പോവുകയായിരുന്ന കാറും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻതന്നെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മൂന്നുപേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റൊരു പുരുഷനും സ്ത്രീയും ചികിത്സയിലാണ്. കാറ് വെട്ടിപ്പൊളിച്ചാണ് യാത്രികരെ പുറത്തെടുത്തത്.

























