‘തുടരും’ മുഴുവൻ ഡബ്ബ് ചെയ്യിച്ചു, ശോഭനയുടെ വാശിയിൽ ഒഴിവാക്കി, എന്തിന് ഈ അപമാനിക്കൽ: ഭാഗ്യലക്ഷ്മി

‘തുടരും’ എന്ന ചിത്രത്തിൽ ശോഭനയ്ക്ക് വേണ്ടി താൻ ശബ്ദം കൊടുത്തിരുന്നുവെന്നും ഒരു അറിയിപ്പ് പോലും നൽകാതെ ഒഴിവാക്കിയെന്നും ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. അവസാന നിമിഷം തന്റെ ശബ്ദം മാറ്റുകയും ശോഭന സ്വന്തമായി ശബ്ദം നൽകുകയും ചെയ്ത വിവരം അണിയറക്കാർ തന്നെ അറിയിച്ചില്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ക്ലൈമാക്സിലെ നിലവിളികൾ ഉൾപ്പെടെ വലിയ പ്രയത്നത്തോടെ ഡബ്ബ് ചെയ്ത്, പൂർണ പ്രതിഫലവും വാങ്ങിയാണ് താൻ കൊച്ചിയിൽ നിന്നു മടങ്ങിയത്.

സിനിമയുടെ റിലീസ് വൈകിയതിനെ തുടർന്ന് നിർമാതാവ് രഞ്ജിത്തിനെ വിളിച്ചപ്പോഴാണ് തന്റെ ശബ്ദം മാറ്റി ശോഭന തന്നെ ഡബ്ബ് ചെയ്തുവെന്ന വിവരം അറിയുന്നത്. ഡബ്ബ് ചെയ്യണമെന്ന് ശോഭന വാശി പിടിച്ചെന്നും ഇല്ലെങ്കിൽ പ്രമോഷന് വരില്ലെന്ന് അവർ അറിയിച്ചതിനാലാണ് ശബ്ദം മാറ്റേണ്ടി വന്നതെന്ന് നിർമാതാവ് അറിയിച്ചതായും ഭാഗ്യലക്ഷ്മി പറഞ്ഞു. താൻ ഡബ്ബ് ചെയ്ത ശബ്ദം ക്ലൈമാക്സിൽ ഉപയോഗിച്ചിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സിനിമയിലേക്ക് എന്നെ വിളിച്ചത് നിർമാതാവ് രഞ്ജിത് ആണ്. ആ സമയത്ത് ഞാൻ അങ്ങോട്ടു ചോദിച്ചു തമിഴ് കഥാപാത്രം ആണെങ്കിൽ ശോഭനയ്ക്ക് സ്വന്തമായി ചെയ്യണമെന്ന് ഉണ്ടാവില്ലേ എന്ന്. അപ്പോൾ അവർ പറഞ്ഞു, എല്ലാവരും കൂടി എടുത്ത തീരുമാനമാണ്… ചേച്ചി തന്നെ വന്നു ചെയ്യണം എന്ന്. ഞാൻ കൊച്ചിയിൽ പോയി. സിനിമയുടെ രണ്ടു റീൽ കണ്ടപ്പോഴെ എനിക്കു തോന്നി, ഒരു തമിഴ് സ്ത്രീ മലയാളം പറയുന്നതാണല്ലോ എന്ന്. അപ്പോൾ ഞാൻ പറഞ്ഞു, ഇത് ശോഭന ചെയ്താൽ നന്നാകുമല്ലോ എന്ന്. സംവിധായകൻ തരുൺ മൂർത്തിയും തിരക്കഥാകൃത്ത് സുനിലും അവിടെ ഉണ്ടായിരുന്നു. ശോഭനയുടെ ഡബ്ബിങ്ങിനെക്കുറിച്ച് ചർച്ചയൊക്കെ നടന്നിരുന്നു എന്നും ഭാഗ്യലക്ഷ്മി തന്നെ മതിയെന്നു തീരുമാനിച്ചതുകൊണ്ടാണ് വിളിച്ചതെന്നും അവർ വ്യക്തമാക്കി. ക്ലൈമാക്സ് എല്ലാം അലറി നിലവിളിച്ച് നന്നായി ഹെവി ആയാണ് ചെയ്തത്. റിലീസ് വൈകുന്നതിന്റെ പ്രശ്നങ്ങൾ പറയുന്നതിനൊപ്പം രഞ്ജിത് അക്കാര്യം എന്നോട് പറഞ്ഞു. ‘‘ചേച്ചി, എങ്ങനെ ഇതു പറയും എന്നു കരുതിയിട്ടാണ് വിളിക്കാതിരുന്നത്. പറയാൻ ബുദ്ധിമുട്ടുണ്ട്. ശോഭന ഭയങ്കര വാശി പിടിച്ചു. അവർക്ക് ഡബ്ബ് ചെയ്യണം, ഇല്ലെങ്കിൽ പ്രമോഷനു വരില്ല എന്നു പറഞ്ഞു,’’ എന്ന്. സത്യത്തിൽ ഇത് ഞാൻ അങ്ങോട്ടു പറഞ്ഞതല്ലേ എന്ന് ഞാൻ തിരിച്ചു ചോദിച്ചു.

എന്നോടു പറയാതെ ശബ്ദം മാറ്റിയത് വളരെ മോശമായെന്ന് ഞാൻ പറഞ്ഞു. ക്ലൈമാക്സിൽ അലറി വിളിക്കുന്ന ഭാഗമൊക്കെയുണ്ട്. അതിൽ എന്റെ ഒറിജിനൽ വോയ്സ് ആണ് അവർ ഉപയോഗിച്ചിരിക്കുന്നത്. ഡയലോഗ് ഒക്കെ അവരുടെ ശബ്ദം തന്നെ. അവർ ചെയ്തതിലല്ല എന്റെ പ്രശ്നം. അങ്ങനെ ചെയ്യുന്നെങ്കിൽ എന്നെ വിളിച്ചു പറയാമായിരുന്നില്ലേ, ഭാഗ്യലക്ഷ്മി പറഞ്ഞു.