തിരുവനന്തപുരം: കല്ലമ്പലത്ത് ടൂറിസ്റ്റ്് ബസ് മറിഞ്ഞ് അപകടം. നിരവധി വിദ്യാർഥികൾക്ക് പരുക്കേറ്റു. തൃശൂർ സഹൃദയ എഞ്ചിനീയറിങ് കോളജിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഞ്ച് വിദ്യാർഥികളുടെ നില ഗുരുതരമാണ്. കല്ലമ്പലത്തിനടുത്തുള്ള നാവായിക്കുളം യദുക്കാട് ഭാഗത്തുവച്ചാണ് വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞത്. 40 കുട്ടികളും അധ്യാപകരുമാണ് ബസിലുണ്ടായിരുന്നത്. വിഴിഞ്ഞം പോർട്ടിലേക്ക് പഠനാവശ്യത്തിന് പോകുകയായിരുന്നു വിദ്യാർഥികൾ.

ഇന്ന് പുലർച്ചെയോടെയാണ് സംഭവം നടന്നത്. ഗുരുതരമായി പരുക്കേറ്റ വിദ്യാർഥികളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയാണ്. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസ് വെട്ടിപ്പൊളിച്ചാണ് ബസിനുള്ളിൽ കുടുങ്ങിയ പല വിദ്യാർഥികളേയും പുറത്തെടുത്തത്. ബസ് ബൈപ്പാസിലൂടെ പോകുമ്പോൾ മേൽപ്പാലത്തിൽ നിന്ന് താഴെ സർവീസ് റോഡിലേക്ക് ബസ് മറിയുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണോ അപകടമുണ്ടായതെന്നും സംശയിക്കുന്നുണ്ട്.

























