ചെന്നൈ: തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തമിഴക വെട്രി കഴകം. പാർട്ടി അധ്യക്ഷൻ വിജയ് ചെന്നൈ പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും മത്സരിക്കും. ടിവികെ പ്രകടന പത്രികയും വിജയ് പുറത്തിറക്കി. ഡിഎംകെയുടെ പ്രകടന പത്രിക ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് പ്രഖ്യാപിയ്ക്കും. നാളെ തന്നെ വിജയ് നാമനിർദേശ പത്രിക സമർപ്പിയ്ക്കുമെന്നാണ് സൂചന. വൈകിട്ട് പെരമ്പൂരിൽ പ്രചാരണം ആരംഭിയ്ക്കുമെന്നും സൂചനയുണ്ട്. പാർട്ടിയുടെ ജനറൽ സെക്രട്ടറി എൻ ആനന്ദ് ചെന്നൈ ടി നഗറിൽ മത്സരിയ്ക്കും.

ആദവ് അർജുന ചെന്നൈ വില്ലിവാക്കത്തും കെ എ സെങ്കോട്ടയ്യൻ ഗോപിചെട്ടിപ്പാളയത്തും മത്സരിയ്ക്കും. സിടിആർ നിർമൽ കുമാർ തിറുപ്പറൻകുൺട്രത്തും കെ ജി അരുൺരാജ് തിരുച്ചെങ്കോടും ജനവിധി തേടും. പുതുച്ചേരിയിൽ ടിവികെ സഖ്യത്തിൽ മത്സരിയ്ക്കുന്ന മുപ്പത് സ്ഥാനാർഥികളെയും ചടങ്ങിൽ പരിചയപ്പെടുത്തി. പാർട്ടിയുടെ പ്രകടന പത്രികയും വിജയ് പുറത്തിറക്കി. തമിഴ് നാടിനെ ലഹരിമുക്തമാക്കും,ഉന്നത വിദ്യഭ്യാസത്തിനായി പലിശയും ഈടും ഇല്ലാതെ 20 ലക്ഷം രൂപവരെ വായ്പ, 29 വയസ് പൂർത്തിയായിട്ടും ജോലി ലഭിയ്ക്കാത്തവർക്ക് 4000 രൂപ സ്റ്റൈപ്പെൻഡ്, സർക്കാർ പദ്ധതികൾ കൃത്യമായി ജനങ്ങളിലെത്തിക്കാൻ ഓരോ പഞ്ചായത്തിലും സമിതികൾ, ഈ സമിതികളിൽ നിരവധി യുവതീയുവാക്കൾക്ക് ജോലി തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങൾ. ഡിഎംകെയുടെ പ്രകടന പത്രികയും ഇന്ന് പുറത്തിറക്കും. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് അണ്ണാ അറിവാളയത്തിലാണ് പ്രഖ്യാപനം. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പത്രിക പ്രഖ്യാപിക്കും.

























