രണ്ട് കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ; ചിറയിൻകീഴിൽ കഴിഞ്ഞ തവണത്ത യുഡിഎഫ് സ്ഥാനാർത്ഥി ഇത്തവണ എൻഡിഎ സ്ഥാനാർത്ഥി

തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണയത്തിലെ അതൃപ്തിക്ക് പിന്നാലെ രണ്ട് കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ. 2021ൽ ചിറയിൻകീഴിൽ കോൺഗ്രസ്‌ സ്ഥാനാർത്ഥി ആയിരുന്ന ബി എസ് അനൂപും യൂത്ത് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ആർ എസ് അരുൺ രാജുമാണ് ബിജെപിയിൽ എത്തിയത്. ഇരുവർക്കും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകി. ബി എസ് അനൂപ് ചിറയിൻകീഴിലും അരുൺ രാജ് ചടയമംഗലത്തും എൻഡിഎ സ്ഥാനാർത്ഥികളാകും. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്‌ അംഗമായിരുന്നു ബി എസ് അനൂപ്. കെപിസിസി നിർവാഹക സമിതി അംഗമായിരുന്നു അരുൺ രാജ്. രമ്യ ഹരിദാസിനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് ബി എസ് അനൂപ് കോൺഗ്രസ് വിട്ടത്.

പ്രാദേശിക എതിർപ്പ് മറികടന്നു തീരുമാനം എടുത്തെന്നാണ് പരാതി. അതേസമയം തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി തീരുമാനിച്ചത് കരമന ജയനെ ആണ്. എൽഡിഎഫ് വിട്ട ആർജെഡിയുടെ സംസ്ഥാന നേതാവും മുൻ മന്ത്രിയുമായ സുരേന്ദ്രൻ പിള്ളയെ പരിഗണിക്കാതെയാണ് കരമന ജയനെ രംഗത്തിറക്കാൻ ബിജെപി തീരുമാനിച്ചത്. സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ വിവിധ ചർച്ചകൾ നടന്നിരുന്നുവെങ്കിലും സംഘടനാപരമായ പ്രവർത്തന പരിചയവും മണ്ഡലത്തിലെ സാന്നിധ്യവും പരിഗണിച്ചാണ് കരമന ജയനെ തീരുമാനിച്ചതെന്നാണ് സൂചന. അതേസമയം മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

എന്നാൽ തിരുവനന്തപുരം സെൻട്രൽ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി ഇടതുമുന്നണിയിൽ ആശയക്കുഴപ്പം തുടരുകയാണ്. നിലവിലെ എംഎൽഎ ആന്റണി രാജുവോ അദ്ദേഹത്തിന്റെ പാർട്ടിയായ ജനാധിപത്യ കേരള കോൺഗ്രസോ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതാണ് മുന്നണിക്കുള്ളിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്.