റഷ്യൻ യുദ്ധഭൂമിയിൽ കുടുങ്ങിയ രണ്ട് മലയാളികൾ ഇന്ത്യൻ എംബസിയിലെത്തി

തിരുവനന്തപുരം: റഷ്യൻ മനുഷ്യക്കടത്തിന് ഇരയായി യുദ്ധഭൂമിയിൽ കുടുങ്ങിയ മലയാളികളില്‍ രണ്ട് പേര്‍ ഇന്ത്യൻ എംബസിയിലെത്തി. പ്രിൻസ് സെബാസ്റ്റ്യൻ, പൂവാർ സ്വദേശി ഡേവിഡ് മുത്തപ്പൻ എന്നിവരാണ് മോസ്‌കോയിലെ എംബസിയിലെത്തിയത്. താത്കാലിക യാത്രാരേഖ വഴി ഇവരെ നാട്ടിലെത്തിക്കാൻ ശ്രമം പുരോഗമിക്കുകയാണ്. അഞ്ചുതെങ്ങ്- പൊഴിയൂർ സ്വദേശികളായ ഇരുവർക്കും റഷ്യൻ-യുക്രെയിൻ യുദ്ധത്തിൽ പരിക്കേറ്റിരുന്നു.

പ്രിൻസിനും ഡേവിഡിനും പുറമെ അഞ്ചുതെങ്ങിൽ നിന്നു പോയ രണ്ട് പേർ ഇപ്പോഴും യുദ്ധഭൂമിയിലാണ്. അഞ്ചുതെങ്ങ് സ്വദേശികളായ ടിനു പനിയടിമ, വിനീത് സിൽവ എന്നിവരെ കണ്ടെത്താൻ ശ്രമം നടക്കുന്നുണ്ട്. സൈനിക സേവനത്തിനുള്ള കരാർ റദ്ദാക്കി ഇവർക്കും ഉടൻ മോചനം കിട്ടുമന്ന് എംബസ്സി അധകൃതർ ഉറപ്പ് നൽകിയതായി പ്രിൻസ് പറഞ്ഞു.

തുമ്പ സ്വദേശിയായ ട്രാവൽ ഏജന്റ് വഴിയാണ് ഇവർ റഷ്യയിലേക്ക് പോയത്. മികച്ച ശമ്പളവും ജോലിയും വാഗ്ദാനം നൽകിയായിരുന്നു ഇവരെ റഷ്യയിലേക്ക് അയച്ചത്. അതിന് ശേഷം ഇവരിൽ നിന്ന് ചില എഗ്രിമെന്റ് പേപ്പറുകൾ ഒപ്പിട്ട് വാങ്ങിയ ശേഷം ഇവരെ മിലിട്ടറി ക്യാമ്പിലേക്ക് കൈമാറുകയും ചെയ്യുകയുമായിരുന്നു. ട്രെയിനിംഗിന് ശേഷം പ്രിൻസിനേയും വിനീതിനേയും ഒരു സ്ഥലത്തേക്കും ടിനുവിനെ മറ്റൊരു സ്ഥലത്തേക്കും മാറ്റുകയുമായിരുന്നു.