അനാശാസ്യ കേന്ദ്രം; നടത്തിപ്പുകാരായ രണ്ടു പൊലീസുകാർക്ക് സസ്‌പെൻഷൻ

കൊച്ചി: കടവന്ത്രയിലെ അനാശാസ്യകേന്ദ്രത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എഎസ്‌ഐ ഉൾപ്പെടയുള്ള രണ്ട് പൊലീസകാർക്ക് സസ്‌പെൻഷൻ. കൊച്ചി ട്രാഫിക്കിലെ എഎസ്‌ഐ രമേഷ്, പാലാരിവട്ടം സ്റ്റേഷനിലെ ബ്രിജേഷ് ലാൽ എന്നിവരെയാണ് കഴിഞ്ഞ ദിവസം പൊലിസ് അറസ്റ്റ് ചെയ്തത്. കടവന്ത്രയിലെ ലോഡ്ജ് നടത്തിപ്പിൽ ഇവർക്ക് പങ്കാളിത്തമുള്ളതായാണ് കണ്ടെത്തൽ. തുടർന്നാണ് ഇരുവരേയും കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് സസ്‌പെൻഷൻ.

പെൺവാണിഭ സംഘത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാരും ബിനാമികളായി പ്രവർത്തിക്കുകയായിരുന്നു. സാമ്പത്തികമായി എഎസ്‌ഐ രമേഷിന് ഒൻപത് ലക്ഷത്തോളം രൂപ നടത്തിപ്പുകാർ നൽകിയതായുള്ള രേഖകളടക്കം പിടിച്ചെടുത്തിട്ടുണ്ട്.എറണാകുളം കടവന്ത്രയിൽ ഡ്രീംസ് റെസിഡൻസി ഹോട്ടലിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഇക്കഴിഞ്ഞ ഒക്ടോബറിൽ പെൺവാണിഭ സംഘം പിടിയിലായത്. ഡ്രീം റെസിഡൻസി കേന്ദ്രമാക്കി പെൺവാണിഭ സംഘം പ്രവർത്തിക്കുന്നുണ്ടെന്നും വിദ്യാർഥികളടക്കമുള്ളവർ പെൺവാണിഭ സംഘത്തിന്റെ പിടിയിലാണെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് വ്യാപകമായ പരിശോധന നടത്തിയത്. ഹോട്ടൽ നടത്തിപ്പുകാരി കൊല്ലം സ്വദേശി രശ്മി, സഹായി ആലപ്പുഴ സ്വദേശി വിമൽ, ഹോട്ടൽ ഉടമ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.