ഉമ തോമസിന് പരിക്കേറ്റ അപകടം: ഓസ്‌കർ ഈവന്റ്‌സ് ഉടമ ജനീഷ് പിടിയിൽ

കൊച്ചി: നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎൽഎയ്ക്ക് അപകടത്തിൽ പരിക്കേറ്റ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഓസ്‌കർ ഈവന്റ്‌സ് ഉടമ പി എസ് ജനീഷ് ആണ് പിടിയിലായത്. തൃശൂരിൽ നിന്നാണ് ജനീഷിനെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ അഞ്ചുപേർ നേരത്തെ പിടിയിലായിരുന്നു. കേസിൽ കീഴടങ്ങാൻ ഹൈക്കോടതി നിർദേശിച്ചിരുന്നെങ്കിലും ജനീഷ് പൊലീസിന് മുന്നിൽ കീഴടങ്ങാൻ കൂട്ടാക്കിയിരുന്നില്ല.

ആരോഗ്യപ്രശ്‌നങ്ങൾ മൂലം ആശുപത്രിയിലാണെന്നായിരുന്നു വിശദീകരണം. ഉമ തോമസിന് പരിക്കേറ്റതിനെത്തുടർന്നാണ് അപകടത്തിൽ സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തത്. ഇതേത്തുടർന്ന് സംഘാടകരായ മൃദംഗവിഷൻ എംഡി നിഗോഷും, ഓസ്‌കർ ഈവന്റ്‌സ് ഉടമ ജനീഷും ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ കീഴടങ്ങാൻ കോടതി നിർദേശിച്ചു. ഇതുപ്രകാരം നിഗോഷ് കീഴടങ്ങിയെങ്കിലും, ജനീഷ് കീഴടങ്ങാതെ ആശുപത്രിയിൽ അഡ്മിറ്റ് ആകുകയായിരുന്നു. ചികിത്സ കഴിഞ്ഞ് ആശുപത്രി വിടാനിരിക്കെയാണ് ജനീഷിനെ പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുത്തത്.