കണ്ണൂർ: വളക്കൈയിൽ സ്‌കൂൾ വിദ്യാർഥിനിയുടെ മരിക്കാനിടയായ വാഹനാപകടത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. അശ്രദ്ധമായി മനുഷ്യജീവന് അപകടം വരത്തക്ക രീതിയിൽ വാഹനമോടിച്ചുവെന്നാണ് എഫ്ഐആറിൽ പറയുന്നത്. അതേസമയം, ബസിന് തകരാറുണ്ടായിരുന്നുവെന്ന ഡ്രൈവറുടെവാദം തള്ളി ചിൻമയ സ്‌കൂൾ പ്രിൻസിപ്പൽ രംഗത്തെത്തി. സ്‌കൂൾ ബസിന് യാതൊരു തകരാറും ഉണ്ടായിരുന്നില്ലെന്ന് ചിന്മയ സ്‌കൂൾ പ്രിൻസിപ്പൾ കെ.എൻ ശശി ട്വന്റിഫോറിനോട് പറഞ്ഞു. ബസിന് 2027 വരെ പെർമിറ്റ് ഉണ്ടെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. അതേസമയം, വാഹനത്തിന്റെ ബ്രേക്ക് പൊട്ടിയതാണെന്ന ഡ്രൈവറുടെ വാദം തള്ളി മോട്ടോർ വാഹന വകുപ്പും രംഗത്തെത്തിയിട്ടുണ്ട്. അപകടത്തിന് കാരണമാകുന്ന മെക്കാനിക്കൽ തകരാറുകൾ വാഹനത്തിനില്ലെന്ന് മോട്ടോർ വാഹനവകുപ്പിന്റെ കണ്ടെത്തൽ. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം പ്രാഥമിക റിപ്പോർട്ട് ആർടിഒയ്ക്ക് നൽകി. ഡ്രൈവറുടെ മെഡിക്കൽ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് പൊലീസിന് കത്ത് നൽകി. ബസിന്റെ ബ്രേക്ക് പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായി എന്നായിരുന്നു ഡ്രൈവറുടെ മൊഴി.

മരിച്ച അഞ്ചാം ക്ലാസ് വിദ്യാർഥിനി നേദ്യ രാജേഷിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന് പരിയാരം ഗവ. മെഡിക്കൽ കോളജിൽ നടക്കും. തുടർന്ന് മൃതദേഹം കുറുമാത്തൂർ ചിന്മയ വിദ്യാലയത്തിൽ പൊതുദർശനത്തിന് വെയ്ക്കും. വൈകിട്ടായിരിക്കും സംസ്‌കാര ചടങ്ങുകൾ. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മറ്റൊരു കുട്ടി പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്. എന്നാൽ കുട്ടി അപകടനില തരണം ചെയ്തുവെന്നാണ് വിവരം. പരിക്കേറ്റ മറ്റ് വിദ്യാർത്ഥികളെല്ലാം ആശുപത്രി വിട്ടു.

























