പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കോടികൾ വിലയുള്ള അമൂല്യ വസ്തുക്കൾ കാണാതായി

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് കോടികൾ വിലയുള്ള അമൂല്യ വസ്തുക്കൾ കാണാതായി. ക്ഷേത്രത്തിലെ കാണിക്കയായി ലഭിച്ച ഏകദേശം 78 ഗ്രാം സ്വർണക്കട്ടികളും നാണയങ്ങളുമാണ് കാണാതായത്. സ്വർണവിളക്ക് അറ്റകുറ്റപ്പണികൾക്കായി മാറ്റിയെങ്കിലും അത് പിന്നീട് കാണാതായെന്നാണ് സംസ്ഥാന പൊലീസ് മേധാവി അഡീഷണൽ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ പറയുന്നത്. സ്വർണവിളക്കിന് പകരം വെള്ളി വിളക്ക് സ്ഥാപിച്ചെന്നും ‘വൈര നമ’ എന്ന ആഭരണം ആറ് മാസമായി കാണാനില്ലെന്നും കത്തിൽ പറയുന്നുണ്ട്. ക്ഷേത്രത്തിൽ ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായെന്നും കത്തിൽ പറയുന്നുണ്ട്.

കത്തിന്റെ പകർപ്പും പുറത്തു വന്നിട്ടുണ്ട്. ശ്രീകോവിലുള്ളിനിൽ സൂക്ഷിക്കുന്ന വജ്രാഭരണമായ വൈര നാമ കുറച്ചു നാളുകളായി കാണാനില്ല. ആറുമാസം മുമ്പ് അറ്റകുറ്റപ്പണിക്കായി കൊണ്ടു പോയി എന്നാണ് രേഖകളിൽ പറയുന്നത്. വിശ്വാസികൾ സംഭാവന നൽകിയ 78 ഗ്രാം സ്വർണത്തിലും കുറവുണ്ട്. ക്ഷേത്രത്തിലെ നിലവറയ്ക്ക് പുറത്തുള്ള മുഴുവൻ സ്വർണവും വെള്ളിയും എത്രയും വേഗം സ്‌ട്രോങ് റൂമിലേയ്ക്ക് മാറ്റണമെന്നാണ് ഡിജിപിയുടെ നിർദേശം. വിശ്വാസികൾ സംഭാവനയായി നൽകുന്ന മുഴുവൻ വസ്തുക്കളും ലോക്കറിലേയ്ക്ക് മാറ്റി പൊലീസ് കാവൽ ഏർപ്പെടുത്തണം. ഒരാളെ പോലും സൂക്ഷ്മ പരിശോധന കൂടാതെ ക്ഷേത്രത്തിലേയ്ക്ക് പ്രവേശിപ്പിക്കരുതെന്നും നിർദേശമുണ്ട്.

ക്ഷേത്രത്തിലെ ചില ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും രാജകുടുംബവുമായി അടുപ്പമുള്ളവരും മറ്റൊരു പ്രവേശന കവാടത്തിലൂടെ സുരക്ഷാ പരിശോധനകൾ ഒഴിവാക്കി ക്ഷേത്രത്തിലേയ്ക്ക് കടക്കുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. ആദിത്യവർമയുമായി ബന്ധമുള്ള ചില വ്യക്തികൾ സുരക്ഷാ ക്രമീകരണം മറികടന്ന് ക്ഷേത്രത്തിൽ കയറുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന് ഡിജിപി റിപ്പോർട്ട് നൽകിയത്.