ഗുരുവായൂർ: മുഖ്യമന്ത്രി വിഡി സതീശൻ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. കണ്ണനെ തൊഴുത് പ്രാർത്ഥിച്ചു വെണ്ണ കൊണ്ട് തുലാഭാര വഴിപാടും മുഖ്യമന്ത്രി നടത്തി. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് അദ്ദേഹമെത്തിയത്. ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ്, അഡ്മിനിസ്‌ട്രേറ്റർ ഒ ബി അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ സ്വീകരിച്ചു. ദേവസ്വം ചെയർമാൻ മുഖ്യമന്ത്രിയെ പൊന്നാടയണിയിച്ചു വരവേറ്റു. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായാണ് വി ഡി സതീശൻ ഗുരുവായൂരിലെത്തിയത്. സോപാനത്തിനു മുൻപിൽ വെണ്ണയും കദളിപ്പഴവും സമർപ്പിച്ചു. മേൽശാന്തിയിൽ നിന്ന് പ്രസാദം വാങ്ങി. ദർശനത്തിനു ശേഷം വെണ്ണയും തീർഥവും കൊണ്ട് തുലാഭാരവും നടത്തി. മാസത്തിലൊരിക്കൽ ഗുരുവായൂർ ക്ഷേത്ര ദർശനം ശീലമാക്കിയ ഭക്തനാണ് വി ഡി സതീശൻ. റെവന്യൂ മന്ത്രി എ പി അനിൽകുമാറിന്റെ മകന്റെ വിവാഹ ചടങ്ങിലും മുഖ്യമന്ത്രി പങ്കെടുത്തു.

തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലും വി ഡി സതീശൻ ദർശനം നടത്തി. രാവിലെ എട്ടരയോടെയാണ് ക്ഷേത്രത്തിലെത്തിയത്. ദേവസ്വം കമ്മീഷണർ എം മനോജ്കുമാർ, ക്ഷേത്രം മാനേജർ വി എൻ ഹരിഹര ഭട്ട് എന്നാവരുടെ നേതൃത്വത്തിൽ പൂർണ്ണ കുംഭം നൽകി സ്വീകരിച്ചു. തുടർന്ന് മീനൂട്ട്, കദളികുല, 101 വെടിവഴിപാട്, വെള്ളിക്കുടത്തിൽ നെയ്യ് സമർപ്പണം തുടങ്ങിയ വഴിപാടുകളും നടത്തിയാണ് മടങ്ങിയത്. ചെന്ത്രാപ്പിന്നി കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ഷജിൽ വി ഡി സതീശന് വേണ്ടി ശയനപ്രദക്ഷിണവും നടത്തി.

























