‘വിള്ളൽ പരിശോധിക്കേണ്ടത് മന്ത്രിയാണോ? എന്ത് നാടകമാണ്?’ ; പരിഹസിച്ച് വി ഡി സതീശൻ

കൊച്ചി: വയനാട് ടൗൺഷിപ്പിലെ വീടുകളിലെ വിള്ളൽ വിവാദത്തിൽ സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വീടുകളുടെ പണി പൂർത്തിയാക്കുന്നതിന് മുമ്പ് ടൗൺഷിപ്പിന്റെ ഉദ്ഘാടനം നടത്തിയത് കാപട്യമായിരുന്നുവെന്ന് വി ഡി സതീശൻ പറഞ്ഞു. പണി പൂർത്തിയായിരുന്നെങ്കിൽ പിറ്റേന്ന് താക്കോൽ കൊടുത്താൽ മതിയായിരുന്നല്ലോ. ഇത്തരമൊരു കാപട്യം നടത്തി തിരഞ്ഞെടുപ്പ് കാലം മുഴുവൻ സർക്കാർ അതിനെ ആഘോഷിച്ചു. ആയിരക്കണക്കിന് ബോർഡുകൾ വച്ചു. പണി വൈകിയതിന് ഞങ്ങളെ വിമർശിച്ചവർ നൽകിയ വീടുകളിൽ ഇത്ര ദിവസമായിട്ടും ജനങ്ങൾക്ക് താമസം തുടങ്ങാൻ പറ്റിയിട്ടില്ലല്ലോ എന്നും വിഡി സതീശൻ ചോദിച്ചു.

മന്ത്രി രാജൻ മേശപ്പുറത്ത് കയറി എന്ത് നാടകമാണ് കളിച്ചതെന്നും വി ഡി സതീശൻ ആക്ഷേപിച്ചു. വിളളലുണ്ടോ എന്ന് മേശപ്പുറത്ത് കയറി നിന്ന് പരിശോധിക്കേണ്ടത് മന്ത്രിയാണോ എന്ന് വി ഡി സതീശൻ ചോദിച്ചു. മന്ത്രിയല്ല എഞ്ചിനീയർമാരാണ് പരിശോധനകൾ നടത്തേണ്ടത്. നിർമാണത്തെക്കുറിച്ച് ഗുരുതര ക്രമക്കേടുകളാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. ഏച്ചുകെട്ടിയ ഉദ്ഘാടനമാണ് അന്ന് നടത്തിയത്. സർക്കാർ ഇതിനൊക്കെ മറുപടി പറയേണ്ടി വരുമെന്നും കാലം കണക്കുചോദിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.