ഷഡ്ഡി കേസ് വന്നതുകൊണ്ട് ബാലൻസ് ചെയ്യാൻ ഒരെണ്ണം വേണ്ടേ? സിബിഐ അന്വേഷണ നീക്കത്തെ പരിഹസിച്ച് വി ഡി സതീശൻ

തിരുവനന്തപുരം: തനിക്കെതിരെയുള്ള വിജിലൻസ് അന്വേഷണം സിബിഐക്ക് വിടാനുള്ള സർക്കാർ നീക്കം രാഷ്ട്രീയ പ്രഹസനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയമായ വേട്ടയാടലിന്റെ ഭാഗമായാണ് ഇത്തരം നീക്കങ്ങൾ നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. താൻ പ്രതിപക്ഷ നേതാവായി ചുമതലയേറ്റ ശേഷമാണ് നേരത്തെ അവസാനിപ്പിച്ച കാര്യത്തിൽ വീണ്ടും അന്വേഷണം തുടങ്ങിയതെന്ന് സതീശൻ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിന് വെറും രണ്ട് മാസം മാത്രം ബാക്കി നിൽക്കെ സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നത് ജനങ്ങൾക്കിടയിൽ തെറ്റായ ധാരണയുണ്ടാക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിനെ പ്രതിരോധത്തിലാക്കിയ മറ്റ് വിവാദങ്ങളിൽ നിന്ന്, പ്രത്യേകിച്ച് ‘ഷഡ്ഡി കേസ്’ പോലുള്ള വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മാധ്യമങ്ങളിലെ വാർത്താ പ്രാധാന്യം മാറ്റാനുള്ള ‘ഹെഡ്‌ലൈൻ മാനേജ്മെന്റ്’ തന്ത്രമാണിതെന്നും അദ്ദേഹം പരിഹസിച്ചു. സിബിഐ അന്വേഷണത്തെ ഭയപ്പെടുന്നില്ലെന്നും ഇതിനെ നിയമപരമായും വ്യക്തിപരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് സർക്കാരിൽ നിന്ന് യാതൊരു ആനുകൂല്യവും ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

ഈ കേസ് നേരത്തെ വിജിലൻസ് വിശദമായി അന്വേഷിച്ച്, യാതൊരു വസ്തുതയുമില്ലെന്ന് കണ്ട് ഉപേക്ഷിച്ചതാണ്. പിന്നീട് വീണ്ടും പരാതി എഴുതി വാങ്ങി അന്വേഷണം തുടങ്ങുകയായിരുന്നു. എന്നാൽ തന്റെ പക്കൽ എല്ലാ രേഖകളും ഉണ്ടെന്നും 100 ശതമാനം സുതാര്യതയോടെയാണ് കാര്യങ്ങൾ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. സിബിഐ അന്വേഷണത്തെ താൻ ഭയപ്പെടുന്നില്ലെന്നും സർക്കാരിൽ നിന്ന് ഒരുതരത്തിലുള്ള ആനുകൂല്യവും തനിക്ക് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു,. “ഞാൻ പേടിച്ചു പോയെന്ന് പിണറായി വിജയനോട് പോയി പറയണം” എന്ന് പരിഹാസരൂപേണ പറഞ്ഞ അദ്ദേഹം, അന്വേഷണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പ്രഖ്യാപിച്ചു.

ഉമ്മൻ ചാണ്ടിയെ രാഷ്ട്രീയമായി വേട്ടയാടാൻ ശ്രമിച്ചതിന് സമാനമായ നീക്കമാണ് ഇപ്പോൾ തനിക്കെതിരെയും നടക്കുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.