കൊച്ചി: റാപ്പർ വേടൻ കഞ്ചാവ് കേസിൽ പ്രതിയായതിനു പിന്നാലെ ഒഴിവാക്കിയ പരിപാടി വീണ്ടും നടത്താൻ തീരുമാനം. സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇടുക്കിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെസമാപന ദിവസമായ തിങ്കളാഴ്ചയാണ് വേടന്റെ സംഗീത പരിപാടി തീരുമാനിച്ചിരിക്കുന്നത്. ഇതിനു പിന്നാലെ വേടനു പിന്തുണയുമായി സിപിഎം, സിപിഐ സംസ്ഥാന സെക്രട്ടറിമാരും രംഗത്തെത്തി.

വേടനെ േകരളം സംരക്ഷിക്കുമെന്നും വനംവകുപ്പ് ഇരട്ടത്താപ്പ് വകുപ്പാകരുതെന്നും ഇവർ പ്രതികരിച്ചു. ഇടുക്കി വാഴത്തോപ്പ് സ്കൂൾ ഗ്രൗണ്ടില്‍ എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഉദ്ഘാടന ദിവസമായ ഏപ്രിൽ 29നായിരുന്നു വേടന്റെ പരിപാടി തീരുമാനിച്ചിരുന്നത്. എന്നാൽ 28ന് വേടൻ അറസ്റ്റിലായി. ഇതോടെ പരിപാടി തന്നെ വേണ്ടെന്നു വയ്ക്കുകയായിരുന്നു. പുലിപ്പല്ലു കേസിൽ വനംവകുപ്പ് അറസ്റ്റ് ചെയ്തതോടെ പൊതുജനാഭിപ്രായം വേടന് അനുകൂലമായി തിരിഞ്ഞിരുന്നു. ഇതിനു പിന്നാലെ വനംമന്ത്രിയും ഉദ്യോഗസ്ഥരെ പഴിചാരി രംഗത്തെത്തിയിരുന്നു.

























