തിരുവനന്തപുരം: സംസ്ഥാനത്ത് 12 ഇടങ്ങളിൽ മഞ്ഞപ്പിത്ത വ്യാപനമുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മലിനമായ വെള്ളം കുടിവെള്ളമായി ഉപയോഗിക്കുന്നതാണ് രോഗവ്യാപനത്തിന് പിന്നിൽ. എല്ലാവരും ഹൈറിസ്ക് കാറ്റഗറിയിലാണെന്ന് കരുതി പ്രതിരോധമരുന്നുകൾ കഴിക്കണമെന്നും മന്ത്രി പറഞ്ഞു.

എറണാകുളം, തൃശ്ശൂർ, കണ്ണൂർ, പത്തനംതിട്ട, മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിലാണ് വ്യാപനം. ചികിത്സയും പ്രതിരോധവും ശക്തമായി നടക്കുന്നുണ്ടെന്നും ബോധവത്കരണ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കണം. സെക്കൻഡറി ഇൻഫെക്ഷൻ ഉണ്ടാകുന്നതായി കാണുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. രോഗബാധിതരായ വ്യക്തി ആറാഴ്ച വരെ വീട്ടിൽനിന്ന് പുറത്തിറങ്ങാതെ മറ്റൊരാൾക്ക് പകരാതെ സൂക്ഷിക്കണം.


പനിയുടെ എണ്ണം മുൻവർഷത്തേക്കാൾ കുറവാണ്. പക്ഷേ ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ വരാതിരിക്കാനുള്ള ജാഗ്രത കൈവിടരുതെന്നും മന്ത്രി പറഞ്ഞു. ശുചീകരണ പ്രവർത്തനം നടത്തിയില്ലെങ്കിൽ രോഗവ്യാപനം കൂടുമെന്നും മന്ത്രി വ്യക്തമാക്കി. ജനുവരി മാസത്തിൽത്തന്നെ ആരോഗ്യജാഗ്രതാ കലണ്ടർ ആരോഗ്യവകുപ്പ് പുറത്തിറക്കിയിരുന്നു. ഇതുസംബന്ധിച്ച് കൃത്യമായ നിർദേശങ്ങൾ ഓരോ ഘട്ടത്തിലും ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്.
ഈ വർഷം ജൂലൈ ആകുന്നതോടെ ഡെങ്കിപ്പനി കൂടാനുള്ള സാധ്യതയുണ്ടെന്ന് നേരത്തേ പറഞ്ഞിരുന്നു. അതുസംബന്ധിച്ച മുന്നറിയിപ്പും ആരോഗ്യവകുപ്പ് നൽകിയിരുന്നു. ഡെങ്കിപ്പനി, എലിപ്പനി ഉൾപ്പെടെയുള്ളവ പ്രതിരോധിക്കുന്നതിൽ ശുചിത്വമാണ് പ്രധാനം. കെട്ടിക്കിടക്കുന്ന വെള്ളത്തിലിറങ്ങുന്നത് എലിപ്പനിക്ക് കാരണമാകാം. ഇപ്പോൾ ശുചീകരണപ്രവർത്തനങ്ങൾ ശക്തമാക്കിയില്ലെങ്കിൽ രോഗവ്യാപനം കൂടുമെന്നും മന്ത്രി പറഞ്ഞു.























