അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് തെലുങ്ക് സിനിമാലോകത്തെ പ്രിയജോഡികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും തങ്ങളുടെ വിവാഹവാർത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫെബ്രുവരി 22 ഞായറാഴ്ച സോഷ്യൽ മീഡിയയിലൂടെയാണ് താരങ്ങൾ ഈ സന്തോഷവാർത്ത പങ്കുവച്ചത്. ആരാധകർ സ്നേഹത്തോടെ ഇവർക്ക് നൽകിയ ‘വിരോഷ്’ എന്ന പേര് തന്നെ തങ്ങളുടെ ഒന്നിക്കലിന് നൽകിക്കൊണ്ട്, ‘വിരോഷിന്റെ വിവാഹം’ എന്നാണ് ഇരുവരും ഈ ചടങ്ങിനെ വിശേഷിപ്പിച്ചത്. തങ്ങളെ എന്നും പിന്തുണച്ച ആരാധകർക്ക് ഹൃദയസ്പർശിയായ കുറിപ്പിലൂടെ അവർ നന്ദി അറിയിക്കുകയും ചെയ്തു.

വിജയ് ദേവരകൊണ്ടയുടേയും രശ്മികാ മന്ദാനയുടേയും പേരുകൾ കൂട്ടിച്ചേർത്താണ് ആരാധകർ ‘വിരോഷ്’ എന്ന പേരുണ്ടാക്കിയത്. ഇരുവരുടേയും പ്രണയത്തെ സൂചിപ്പിക്കാനായാണ് ആരാധകർ ഈ പേര് ഉപയോഗിച്ചിരുന്നത്. ‘‘ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ടവരേ, ഞങ്ങൾ എന്തെങ്കിലും തീരുമാനിക്കുന്നതിനും ഞങ്ങൾക്കായി എന്തെങ്കിലും തിരഞ്ഞെടുക്കുന്നതിനും മുമ്പ് നിങ്ങൾ ഇവിടെ ഉണ്ടായിരുന്നു. ഒരുപാട് സ്‌നേഹത്തോടെ നിങ്ങൾ ഞങ്ങൾക്കൊരു പേര് നൽകി. ‘വിരോഷ്’ എന്ന് നിങ്ങൾ ഞങ്ങളെ വിളിച്ചു. അതിനാൽ ഇന്ന് നിങ്ങളോടുള്ള ആദരസൂചകമായി, നിറഞ്ഞ ഹൃദയത്തോടെ ഞങ്ങളുടെ ഒത്തുചേരലിന് പേര് നൽകുകയാണ്. ‘വിരോഷിന്റെ വിവാഹം’ എന്ന പേര് നൽകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഞങ്ങളെ ചേർത്തുപിടിക്കുന്നതിന് നന്ദി. എന്നും നിങ്ങൾ ഞങ്ങളുടെ ഭാഗമാണ്. നിറഞ്ഞ സ്‌നേഹം.’’–രശ്മികയും വിജയ് ദേവരകൊണ്ടയും പങ്കുവച്ച കുറിപ്പിൽ പറയുന്നു.


ഇരുവരുടെയും പ്രണയയാത്രയുടെ തുടക്കം 2017-ലായിരുന്നു. രശ്മികയുടെ ആദ്യ വിവാഹനിശ്ചയം റദ്ദാക്കപ്പെട്ടതിന് പിന്നാലെ ‘ഗീത ഗോവിന്ദം’ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. 2019-ൽ ഈ ചിത്രം വലിയ വിജയമായതോടെ ഇവർക്കിടയിലെ കെമിസ്ട്രി പ്രേക്ഷകർ ഏറ്റെടുത്തു. തുടർന്ന് ‘ഡിയർ കോമ്രേഡ്’ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിച്ചതോടെ ആരാധകർക്കിടയിൽ ഇവരുടെ പ്രണയത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി. പലപ്പോഴും ഒരേ സ്ഥലങ്ങളിൽ നിന്നുള്ള അവധിക്കാല ചിത്രങ്ങളും രഹസ്യമായ ഡിന്നർ ഡേറ്റുകളും ഇവരുടെ ബന്ധത്തിന് തെളിവായി ആരാധകർ ചൂണ്ടിക്കാട്ടിയിരുന്നു.























