ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട ഇനിയുള്ള അന്വേഷണ നടപടികൾ തമിഴ്നാട്ടിൽവെച്ച് നടത്തണമെന്ന് അഭ്യർഥിച്ച് ടി.വി.കെ. അധ്യക്ഷൻ വിജയ് സി.ബി.ഐ.യ്ക്കു കത്തയച്ചു. സംഭവത്തിൽ മുൻമന്ത്രി സെന്തിൽ ബാലാജിയെ സി.ബി.ഐ. ചൊവ്വാഴ്ച ചോദ്യംചെയ്യും. കരൂർ ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി മൂന്നുവട്ടം വിജയ്‌യെ സി.ബി.ഐ. ചോദ്യം ചെയ്തുകഴിഞ്ഞു. ഞായറാഴ്ച ഡൽഹിയിൽ നടന്ന ചോദ്യംചെയ്യൽ ഏഴു മണിക്കൂർ നീണ്ടു. അതിനുമുൻപ് മാർച്ച് 14-ന്റെ തീയതി വെച്ച് സി.ബി.ഐ.യ്ക്ക് അയച്ച കത്തിലാണ് ഇനിയുള്ള നടപടികൾ തമിഴ്നാട്ടിലേക്കു മാറ്റാൻ വിജയ് അഭ്യർഥിച്ചത്.

തമിഴ്നാട്ടിൽ അടുത്തമാസം നിയമസഭാ തിരഞ്ഞടുപ്പു നടക്കുകയാണെന്നും പാർട്ടിയുടെ സ്ഥാനാർഥിനിർണയ പ്രക്രിയ തുടരുകയാണെന്നും വിജയ് അറിയിച്ചു. ഇക്കാര്യം പരിഗണിച്ച് തുടർ അന്വേഷണ നടപടികൾ തമിഴ്നാട്ടിലേക്ക് മാറ്റണമെന്നാണ് അഭ്യർഥന.നിയമം അനുസരിക്കുന്നയാളാണ് താനെന്നും ഇതിനകം രണ്ടു തവണ ഡൽഹിയിലെത്തി സി.ബി.ഐ.യ്ക്ക് മൊഴി നൽകിയിട്ടുണ്ടെന്നും കത്തിൽ വിജയ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കരൂർ ദുരന്തത്തിന്റെ ഇരകളാണ് തങ്ങളെന്ന് വിജയ് കത്തിൽ പറയുന്നു.കരൂരിലെ വേലുസാമിപുരത്ത് കഴിഞ്ഞവർഷം സെപ്റ്റംബർ 27-ന് ടി.വി.കെ. അധ്യക്ഷൻ വിജയ് പ്രസംഗിക്കുന്നതിനിടെ തിക്കിലും തിരക്കിലും 41 പേർ മരിച്ച സംഭവമാണ് സി.ബി.ഐ. അന്വേഷിക്കുന്നത്. ഈ കേസിൽ വിജയ്‌യെ ജനുവരി 12, 19 തീയതികളിൽ ഡൽഹിയിൽവെച്ച് ചോദ്യം ചെയ്തിരുന്നു.

























