നൗഫലിനെതിരെ സൈബർ ആക്രമണം നടത്തരുത്, കൂലിപ്പണിക്കാരൻ എന്ന വിളി അഭിമാനം; മന്ത്രി കെ രാജൻ

തിരുവനന്തപുരം: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി മന്ത്രി കെ രാജൻ. വീടുകളിൽ വിള്ളൽ വീണ വിഷയത്തിൽ നേരറിവില്ലാതെ പ്രതികരിക്കരുതെന്ന് കരുതിയാണ് വയനാട്ടിൽ പോയതെന്ന് മന്ത്രി പറഞ്ഞു. ടൗൺഷിപ്പിലെ വീടുകളിൽ വാട്ടർ പോണ്ടിംഗ് ടെസ്റ്റ് നടത്താൻ നേരത്തെ തീരുമാനിച്ചതാണ്. രണ്ട് വീടുകളിൽ വെള്ളം കിനിയുന്നത് കണ്ടെത്തി. എഞ്ചിനീയർമാർ തന്നെയാണ് ആ ഭാഗം മാർക്ക് ചെയ്തത്. അതാണ് വിള്ളലായി ചിത്രീകരിച്ചത്. വര രേഖപ്പെടുത്തിയത് മാധ്യമങ്ങൾ തുടർച്ചയായി കാണിച്ചു. വരെയാണെന്ന് ബോധ്യപ്പെടാനും മറ്റുള്ളവരെ ബോധ്യപ്പെടുത്താനുമാണ് കയറി നോക്കിയതെന്നും മന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ചൂരൽമലക്കാർക്ക് താൻ വെറും ഒരു മന്ത്രിയല്ല. വീട്ടുകാരൻ തന്നെയാണ്. ഇതിലും ഉയരത്തിൽ കയറണമെങ്കിൽ അതിനും തയ്യാറാണ്. ദന്തഗോപുരത്തിൽ ഇരുന്നല്ല ഒന്നും ഇതുവരെ ചെയ്തിട്ടില്ല. വരച്ചിട്ടതാണെന്ന് കമ്പനി പറഞ്ഞാൽ അത് ഉറപ്പിച്ച് പോരണം എന്ന കടമയാണ് ചെയ്തത്. നൗഫലിനെതിരെ സൈബർ ആക്രമണം നടത്തരുത്. ദുരന്തബാധിതന്റെ വാക്കുകളെ അങ്ങനെ തന്നെ കാണണം. കൂലിപ്പണിക്കാരൻ രാജൻ എന്ന വിളി ആത്മാഭിമാനത്തോട ഏറ്റെടുക്കുന്നു. മുതലാളി രാജൻ എന്ന് വിളിച്ചില്ലല്ലോയെന്നും മന്ത്രി പറഞ്ഞു.