സ്ത്രീകളെ അപമാനിക്കാനല്ല റിപ്പോര്‍ട്ട് ഉപയോഗിക്കേണ്ടത്, സ്ഥാപക അംഗത്തിനെതിരായ സൈബര്‍ ആക്രമണം ഹീനം;ഡബ്ല്യുസിസി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലയിലെ സ്ത്രീകളെ അപമാനിക്കുന്നതിനെതിരെ സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി. സ്ഥാപക അംഗത്തിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ അപലപിക്കുന്നുവെന്നും ഡബ്ല്യുസിസി അറിയിച്ചു. റിപ്പോര്‍ട്ടിന് പിന്നാലെ മുതിര്‍ന്ന കലാകാരികളെ അപമാനിക്കുന്ന വിധത്തില്‍ ചില ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വന്നെന്നും ചില അംഗങ്ങള്‍ക്കെതിരെ ഹീനമായ സൈബര്‍ ആക്രമണമുണ്ടായെന്നും ഡബ്ല്യുസിസി ഫേസ്ബുക്കിലൂടെ പറഞ്ഞു.

സിനിമയിലെ സ്ത്രീകളെ അപമാനിക്കാനല്ല റിപ്പോര്‍ട്ട് ഉപയോഗിക്കേണ്ടതെന്നും ഡബ്ല്യുസിസി കൂട്ടിച്ചേര്‍ത്തു. സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് ഡബ്ല്യുസിസി അംഗം നല്‍കിയ മൊഴിയെക്കുറിച്ചുള്ള പരാമര്‍ശം ചര്‍ച്ചയായിരുന്നു. ഈ പശ്ചാത്തലത്തില്‍ ചില അംഗങ്ങള്‍ക്കെതിരെ വന്ന ഊഹാപോഹങ്ങളും സൈബര്‍ അതിക്രമവും തള്ളിയാണ് ഡബ്ല്യുസിസി രംഗത്തെത്തിയിരിക്കുന്നത്. തൊഴിലിടത്തെ സ്ത്രീവിരുദ്ധത ചര്‍ച്ചയാക്കുന്നതിന് പകരം സ്ത്രീകള്‍ക്കെതിരെ സ്ത്രീകളെ പ്രതിഷ്ഠിക്കുന്ന ഓണ്‍ലൈന്‍ വാര്‍ത്തകള്‍ പുറത്തുവരുന്നതായി ഡബ്ല്യുസിസി ചൂണ്ടിക്കാട്ടി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനം മുതിര്‍ന്ന നടികള്‍ക്കെതിരെ കല്ലെറിയാന്‍ ഉപയോഗിക്കുന്നത് പിന്തിരിപ്പന്‍ മനോഭാവമായേ കാണാനാകൂ എന്നും ഡബ്ല്യുസിസി ഫേസ്ബുക്കില്‍ കുറിച്ചു.

ഡബ്ല്യുസിസിയുടെ പ്രസ്ഥാവന

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ ഞങ്ങൾ ഏറെ സന്തോഷിക്കുമ്പോഴും ചില പ്രധാനപ്പെട്ട കാര്യങ്ങൾ ഞങ്ങളോടൊപ്പം ഈ ആഹ്ലാദത്തിൽ കൂടെ നിന്ന നിങ്ങളെ അറിയിക്കണമെന്ന് കരുതുന്നു. 250 ഓളം പേജുകൾ ഉള്ള ഈ പഠനം സിനിമാ രംഗത്ത് ഗൗരവമായി ഇടപെടുന്ന എല്ലാവരും തുറന്ന മനസ്സോടെ വായിക്കുകയും തങ്ങൾക്കിടയിൽ ചർച്ച ചെയ്യുകയും ഈ തൊഴിലിടത്തെ സ്ത്രീ വിരുദ്ധതയുടെ ചരിത്രപരമായ കാരണങ്ങൾ മനസിലാക്കി അവ പരിഹരിക്കുവാൻ മുൻകൈ എടുക്കുമെന്നുമാണ് ഞങ്ങൾ പ്രതീക്ഷിച്ചത്. എന്നാൽ മാധ്യമങ്ങളുടെ ഹൈലൈറ്റുകളിൽ “ഡബ്ല്യുസിസി മുൻ സ്ഥാപക അംഗത്തിൻ്റേത്” എന്ന് പറയുന്ന മൊഴികൾക്ക് പിറകെ പോയി സ്ത്രീകൾക്കെതിരെ സ്ത്രീകളെ പ്രതിഷ്ഠിക്കുന്നതിനും മുതിർന്ന കലാകാരികളെ അപമാനിക്കുന്നതുമായ തരത്തിൽ ഒട്ടേറെ ഓൺലൈൻ റിപ്പോർട്ടുകൾ കാണുകയുണ്ടായി.

അതിജീവിതയ്ക്കൊപ്പം ഉറച്ച് നിന്ന ഞങ്ങളുടെ ‘ഇപ്പോഴത്തേയും’ സ്ഥാപക അംഗത്തിനെതിരെ നടക്കുന്ന ഈ സൈബർ അറ്റാക്കുകൾക്കെതിരെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. ഓരോ അംഗത്തിനും അവരുടെ സ്വന്തം അനുഭവങ്ങളെക്കുറിച്ച് ഭയം കൂടാതെ സംസാരിക്കാൻ അവകാശമുണ്ടെന്ന് ഡബ്ല്യുസിസി കരുതുന്നു. മറിച്ച് പറയുന്നത് പുരുഷാധിപത്യത്തിൻ്റെ പൊതു രീതിയാണ്. ഒരു സിവിൽ സമൂഹം, സ്ത്രീകൾ അവരുടെ ജോലിസ്ഥലത്ത് ഇരകളാക്കപ്പെടുന്നതിനെക്കുറിച്ച് തിരിച്ചറിഞ്ഞ് പരിഹരിക്കാൻ ശ്രമിക്കുമ്പോൾ, അതേ സമൂഹത്തിലെ അപരിഷ്കൃത ഘടകങ്ങൾ, പ്രസ്തുത വിവരങ്ങൾ കലാകാരികളെ കല്ലെറിയാനും അപമാനിക്കാനും ഉപയോഗിക്കുന്നത് കണ്ടുകൊണ്ടിരിക്കാൻ ആവില്ല. ഈ വ്യവസായത്തിൽ സ്ത്രീകളോട് പൊതുവേ നിലനിൽക്കുന്ന പിന്തിരിപ്പൻ മനോഭാവം തന്നെയാണ് ഇത് വീണ്ടും തെളിയിക്കുന്നത്.
കഴിവുകൊണ്ടും കഠിനാധ്വാനം കൊണ്ടും സ്വന്തമായി ഇടം ഉണ്ടാക്കിയ ഒട്ടനവധി സ്ത്രീകൾ എക്കാലത്തും സിനിമാരംഗത്ത് ഉണ്ടായിരുന്നു. നിരവധി പ്രതിബന്ധങ്ങൾക്കിടയിലും തീജ്വാല പോലെ ഈ സ്ത്രീകൾ തിളങ്ങി നിൽക്കുന്ന, നിന്നിരുന്ന ഒരു ഇടമാണിത്. അവരെ അപമാനിക്കാനല്ല ഈ പഠനം ഉപയോഗിക്കേണ്ടത്. പരിഹരിക്കേണ്ടവ മനസ്സിലാക്കി തിരുത്തി മുന്നോട്ടു പോകാനുള്ള ആർജ്ജവമാണ് വേണ്ടത്.