ക്ഷേമപെൻഷൻ വിതരണം 25 മുതൽ

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ ഫെബ്രുവരി 25 മുതൽ വിതരണം ചെയ്യും. ഇതിനായി 1,050 കോടി രൂപ അനുവദിച്ചുവെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. 62 ലക്ഷത്തോളം പേർക്കാണ് 2,000 രൂപവീതം പെൻഷൻ ലഭിക്കുക. സംസ്ഥാനത്തെ 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളിൽ പെൻഷൻ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി നേരിട്ട് തുക കൈമാറും.

ക്ഷേമനിധി അംഗങ്ങൾക്കുള്ള ക്ഷേമ പെൻഷൻ അതാത് ബോർഡുകൾ വഴി വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. 8.46 ലക്ഷം പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ് നൽകേണ്ടത്. ഇത് കൃത്യമായി ലഭിക്കാത്ത സാഹചര്യത്തിൽ കേന്ദ്ര വിഹിത ഇനത്തിലുള്ള 24.21 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.