മലപ്പുറം: ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തിനിടെ അസ്മയെന്ന യുവതി മരിച്ച സംഭവത്തിൽ പ്രസവമെടുക്കാൻ സഹായിച്ച സ്ത്രീ കസ്റ്റഡിയിൽ. ഒതുക്കുങ്ങൽ സ്വദേശി ഫാത്തിമയെയാണ് മലപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ അസ്മയുടെ ഭർത്താവ് സിറാജ്ജുദ്ദിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രി 9 മണിയോടെയാണ് വീട്ടിൽ നടന്ന പ്രസവത്തെ തുടർന്നുള്ള അസ്മയുടെ മരണം.

മലപ്പുറം ചട്ടിപ്പറമ്പിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു അസ്മയും ഭർത്താവ് സിറാജുദ്ദീനും. ആശുപത്രിയിലേക്ക് കൊണ്ട് പോകാനോ ചികിത്സ നൽകാനോ സിറാജുദ്ദീൻ തയ്യാറായില്ല. അഞ്ചാമത്ത പ്രസവമായിരുന്ന അസ്മയയ്ക്ക് പ്രസവശേഷം രക്തസ്രാവം ഉണ്ടായി. അമിതമായ രക്തസ്രാവമാണ് അസ്മയെ മരണത്തിലേക്ക് നയിച്ചത് എന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും . ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കളമശേരി മെഡിക്കൽ കോളജിലെ മൂന്ന് മണിക്കൂർ നീണ്ട പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷമായിരുന്നു കണ്ടെത്തൽ.


മരിച്ച ശേഷം ആരെയും അറിയിക്കാതെ രാത്രി തന്നെ ആoബുലൻസ് വിളിച്ച് മൃതദേഹവുമായി പെരുമ്പാവൂരിലേക്ക് പോവുകയായിരുന്നു. ഇയാൾ മടവൂർ കാഫില എന്ന പേരിൽ യൂട്യൂബ് ചാനൽ നടത്തുന്നുണ്ട്.























