പത്തനംതിട്ട: യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കെട്ടിത്തൂക്കി കൊന്ന കേസിൽ പ്രതി കൊട്ടാങ്ങൽ പുളിമൂട്ടിൽ നസീറിന് (46) ജീവപര്യന്തം കഠിന തടവ്. ലൈംഗിക പീഡനത്തിന് 10 വർഷവും വീട്ടിൽ അതിക്രമിച്ച് കടന്നതിനു 7 വർഷം തടവും അനുഭവിക്കണം. പത്തനംതിട്ട അഡീഷനൽ ജില്ലാ കോടതി (1) ജഡ്ജി ജി. പി. ജയകൃഷ്ണനാണു ശിക്ഷ വിധിച്ചത്. കോട്ടാങ്ങൽ പുല്ലാഞ്ഞിപ്പാറ കണങ്കവയൽ വീട്ടിൽ ടിഞ്ചു മൈക്കിളാണ് (25) കൊല്ലപ്പെട്ടത്. 2019 ഡിസംബർ 15 നായിരുന്നു സംഭവം. ഭർത്താവുമായി പിരിഞ്ഞ് ആൺസുഹൃത്തിനൊപ്പം താമസിക്കുകയായിരുന്ന ടിഞ്ചുവിനെ തടിക്കച്ചവടക്കാരനായ നസീർ വീട്ടിൽക്കയറി ബലാത്സംഗത്തിനിരയാക്കിയശേഷം കൊലപ്പെ

ടുത്തുകയായിരുന്നുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. 2019 ഡിസംബർ 15ന് ആയിരുന്നു ടിഞ്ചു കൊലചെയ്യപ്പെട്ടത്. 22 മാസത്തിനുശേഷം പ്രതി പിടിയിലായത് ക്രൈംബ്രാഞ്ച് അന്വേഷണത്തെ തുടർന്നാണ്. ടിഞ്ചുവിനൊപ്പം താമസിച്ചിരുന്ന ആൺസുഹൃത്ത് ടിജിൻ ജോസഫിനെയാണ് (37) ലോക്കൽ പൊലീസ് ആദ്യം സംശയിച്ചിരുന്നത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ യുവതിയുടെ ശരീരത്തിൽ 53 മുറിവുകളുള്ളതായും ക്രൂരമായ പീഡനത്തിനിരയായെന്നും കണ്ടെത്തിയിരുന്നു. യുവതിയുടെ നഖത്തിനിടയിൽ നിന്നും ലഭിച്ച രക്തമുൾപ്പെടെയുള്ളവ കേസിൽ പ്രധാന വഴിത്തിരിവായി.


സാംപിൾ ശാസ്ത്രീയ പരിശോധനക്ക് ഫോറെൻസിക് ലാബിലയച്ചതിന്റെ ഫലത്തെ അടിസ്ഥാനപ്പെടുത്തി അന്വേഷണം തുടർന്നു. അജ്ഞാതനായ ഒരാളുടെ ഡിഎൻഎയുടെ സാന്നിധ്യം കണ്ടെത്തിയത് അന്വേഷണസംഘത്തെ പ്രതിയിലേക്ക് അടുപ്പിക്കുകയായിരുന്നു. സംശയത്തിലുള്ളവരുടെ രക്തസാംപിൾ അന്വേഷണ സംഘം ശേഖരിച്ചു. സംഭവദിവസം പ്രതി നസീർ, ടിഞ്ചു താമസിച്ചിരുന്ന വീട്ടിൽ മരങ്ങൾ നോക്കാനെത്തിയിരുന്നു. യുവതിയുടെ നഖത്തിനിടയിലെ ഡിഎൻഎ നസീറിന്റേതാണെന്ന് തെളിഞ്ഞതോടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. അന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന ആർ. പ്രതാപൻ നായരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.























