കളമശ്ശേരിയിൽ തലയിൽ തുണിയിട്ട് മൂടി ആക്രമണം; യുവതിയുടെ മാലയും ഫോണും കവർന്നു

കൊച്ചി: കളമശ്ശേരിയിൽ യുവതിയെ ആക്രമിച്ച് മൊബൈൽഫോണും മാലയും കവർന്നു. കണ്ണൂർ സ്വദേശിനി ജസ്‌ന ഫാത്തിമയെയാണ് ആക്രമിച്ചത്. ഇന്നലെ രാത്രി 8 മണിക്ക് ജോലി കഴിഞ്ഞ് കളമശ്ശേരി സെന്റ് ജോസഫ് പള്ളിക്ക് സമീപത്തെ താമസസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. തലയിൽ തുണിയിട്ട് മൂടിയശേഷമായിരുന്നു ആക്രമണം നടത്തിയതെന്ന് യുവതി പറയുന്നു.

കാനയിലേക്ക് ചവിട്ടി വീഴ്ത്തിയശേഷം റെയിൽവേ പാലത്തിന്റെ തൂണിൽ തലയിടിപ്പിച്ചു എന്നും പറയുന്നു. യുവതിയുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടിയുടെ തലയിൽ സ്റ്റിച്ചിട്ടിരിക്കുകയാണ്. ഒരു പവന്റെ സ്വർണമാല നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് സൂചിപ്പിച്ചു.