പ്രസവവേദനയുമായെത്തിയ യുവതിയെ അടിവസ്ത്രം വലിച്ചുകെട്ടി മെഡിക്കൽ കോളജിലേക്ക് അയച്ചു; താമരശേരി താലൂക്ക് ആശുപത്രിക്കെതിരെ പരാതി

കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രിയിക്കെതിരെ ഗുരുതര ആരോപണവുമായി യുവതി. പ്രസവവേദനയുമായെത്തിയ തന്നെ ഡോക്ടർ ഇല്ലെന്ന് പറഞ്ഞ്, അടിവസ്ത്രം വലിച്ചു കെട്ടി മെഡിക്കൽ കോളേജിലേക്ക് അയച്ചെന്ന് യുവതി ആരോപിച്ചു. പ്രസവശേഷം തലച്ചോറിന് ക്ഷതമേറ്റ നവജാത ശിശു രണ്ട് മാസത്തിലേറെയായി വെന്റിലേറ്ററിൽ തുടരുകയാണ്.

താമരശ്ശേരി പുതുപ്പാടി സ്വദേശി ബിന്ദുവിനാണ് താലൂക്ക് ആശുപത്രിയിൽ നിന്നും ദുരനുഭവമുണ്ടായത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു ചികിത്സ. 21 ന് പ്രസവവേദന അനുഭവപ്പെട്ടു. താലൂക്ക് ആശുപത്രി കാഷ്വാലിറ്റിയിൽ ഒരു ഡ്യൂട്ടി ഡോക്ടർ മാത്രമാണ് ഉണ്ടായിരുന്നത്. ചികിത്സിക്കുന്ന ഡോക്ടറെ വിളിച്ചപ്പോൾ സ്ഥലത്തില്ലെന്നായിരുന്നു മറുപടി. മെഡിക്കൽ കോളേജിലേക്ക് പോകാനും ആവശ്യപ്പെട്ടു. അടിവസ്ത്രം വലിച്ചു കെട്ടിയാണ് തന്നെ മെഡിക്കൽ കോളേജിലേക്ക് അയച്ചതെന്ന് യുവതി ആരോപിച്ചു. മെഡിക്കൽ വീഴ്ചയാണ് കുഞ്ഞിന്റെ തലച്ചോറിന് ക്ഷതമേൽക്കാൻ കാരണമെന്നും യുവതി ആരോപിച്ചു. ആശുപത്രി ജീവനക്കാർക്കെതിരെ ആരോഗ്യമന്ത്രിക്ക് ഉൾപ്പെടെ യുവതി പരാതി നൽകി.