മൂലമറ്റം: ഇടുക്കിയിൽ അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊന്ന നിലയില്‍. മൂലമറ്റം ചേറാടി പീലിയാനിക്കൽ കുമാരൻ(78), ഭാര്യ തങ്കമ്മ (65) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ മകൻ അജേഷ് (37) ഒളിവിലാണ്. ബുധൻ രാവിലെ 10ഓടെയാണ് സംഭവം. സമീപത്ത് താമസിക്കുന്ന കുമാരന്റെ സഹോദരൻ പരമേശ്വരൻ വീടിന് പുറത്ത് ആരെയും കാണാതെ അന്വേഷിച്ചെത്തിയപ്പോഴാണ് കുമാരനെ കട്ടിലിലും തങ്കമ്മയെ കട്ടിലിനടിയിലും വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്.

ഉടൻ കാഞ്ഞാർ പൊലീസിനെ വിവരമറിയിച്ചു. കുമാരൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. തങ്കമ്മയെ പൊലീസെത്തി ആദ്യം തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു. വെട്ടിയതാണെന്ന് തങ്കമ്മ പറഞ്ഞതായും അജേഷ് തന്നെയാണ് കൃത്യത്തിന് പിന്നിലെന്ന് കരുതുന്നതായും പൊലീസ് പറഞ്ഞു. അജേഷിനെ കണ്ടെത്താനായിട്ടില്ല.

























