കോഴിക്കോട്: കോഴിക്കോട് കൂടത്തായി റോയ് വധക്കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. ജോളിക്ക് സയനൈഡ് എത്തിച്ച് കൊടുത്ത സ്വർണപ്പണിക്കാരൻ പ്രജി കുമാറിന്റെ ഭാര്യയും കേസിലെ അറുപതാം സാക്ഷിയുമായ ശരണ്യയാണ് കൂറുമാറിയത്. പ്രജി കുമാറിന്റെ താമരശ്ശേരിയിലെ ദൃശ്യകല ജൂവലറിയിൽ നിന്ന് സയനൈഡ് കണ്ടെടുത്തതിന്റെ സാക്ഷിയാണ് ശരണ്യ. രണ്ടാം പ്രതി എം എസ് മാത്യു, പ്രജി കുമാറിന്റെ സുഹൃത്താണെന്നും കടയിൽ സ്വർണപ്പണിക്ക് സയനൈഡ് ഉപയോഗിക്കാറുണ്ടെന്നും ശരണ്യ നേരത്തെ മൊഴി നൽകിയിരുന്നു. ഇതോടെ കേസിൽ കൂറുമാറിയവരുടെ എണ്ണം ആറായി.

ജോളിയുടെ ഭർത്തൃമാതാവ് അന്നമ്മ തോമസ് ഉൾപ്പെടെ ഭർത്താവിന്റെ കുടുംബത്തിലെ ആറ് പേരാണ് ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടത്. 2019-ലാണ് കേരളത്തെ നടുക്കിയ കൊലപാതകങ്ങളുടെ വിവരം പുറത്തറിഞ്ഞത്. കൂടത്തായി പൊന്നാമറ്റം തറവാട്ടിൽ 2002 മുതൽ 2016 വരെയുള്ള കാലയളവിൽ ഒരു കുടുംബത്തിലെ ആറ് പേർ ദുരൂഹസാഹചര്യത്തിൽ മരിച്ചതോടെയാണ് ജോളിയെ അറസ്റ്റ് ചെയ്തത്.

























