കോഴിക്കോട്: കേരളീയം പരിപാടിക്ക് ആളെക്കൂട്ടാന്‍ മോഹന്‍ലാലിനേയും മമ്മൂട്ടിയെയും കമല്‍ഹാസനേയും കൂട്ടേണ്ടിവന്നുവെന്ന് പരിഹാസവുമായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഭീമന് രഘു നിന്നില്ല അത് വേറെകാര്യം. രാജസേനന്റെ പാട്ടുമുണ്ടായില്ല. പരിപാടിയ്ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അപ്രഖ്യാപിത ലീവ് കൊടുത്തെന്നും അദ്ദേഹം വിമര്‍ശിച്ചു.

ജനകീയ പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ എല്ലാത്തിലും വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്നെന്നും സുരേന്ദ്രന് ആരോപിച്ചു. സതീശനും കമ്പനിയും അതില്‍ കണ്ണുമടച്ച് വീണെന്നും അദ്ദേഹം പറഞ്ഞു.


പിണറായി വിജയനെപ്പോലെ വിഷമുള്ള മറ്റൊരാള്‍ കേരളത്തില്‍ ഇല്ല. മൂര്‍ഖന്‍ പറയുകയാണ് മറ്റുളളവര്‍ക്കെല്ലാം വിഷമാണെന്ന്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അറസ്റ്റ് ചെയ്യാന്‍ വന്നാല്‍ നെഞ്ചുറപ്പോടെ നേരിടുമെന്നും സുരേന്ദ്രന് പറഞ്ഞു. രാജീവ് ചന്ദ്രശേഖര്‍ മത്സരിക്കുമോ എന്നറിയില്ല. അനില്‍ ആന്റണിയേയും രാജീവ് ചന്ദ്രശേഖരനേയും മറ്റും അറസ്റ്റ് ചെയ്താല്‍ വന്‍ പ്രതിഷേധമുണ്ടാകും. നേരിടാന്‍ പിണറായിക്ക് ചങ്കുറപ്പുണ്ടോ എന്ന് സുരേന്ദ്രന് ചോദിച്ചു.
കെ.എസ്.ആര്.ടി.സിയില്‍ മാത്രമല്ല മറ്റു സ്ഥലങ്ങളിലും ശമ്പളം മുടങ്ങും. തൊഴിലുറപ്പ് പദ്ധതി ഭാഗികമായി മുടങ്ങി. കേരളം വിഹിതം നല്‍കിയില്ല. കരാറുകാര്‍ക്ക് പണം കൊടുക്കാനായിട്ടില്ല. മത്സ്യബന്ധന ബോട്ട് സഹായം മുടങ്ങി. ജല്‍ ജീവന് മിഷന് സ്തംഭിച്ചു. ഉച്ചക്കഞ്ഞി പദ്ധതിയില്‍ സര്‍ക്കാര്‍ ഇല്ലാത്ത കണക്ക് കൊടുത്ത് പദ്ധതി മുടങ്ങി. പി.പി.ഇ. കിറ്റ് അഴിമതിയില്‍ അന്വേഷണം നടന്നില്ല. സി.എ.ജിയെ ചീത്ത വിളിക്കുകയാണ് സി.പി.എം. ‘ടീച്ചറമ്മ’ ഹരിശ്ചന്ദ്രനായി നടക്കുന്നു, സുരേന്ദ്രന് പരിഹസിച്ചു.
സംസ്ഥാനത്തിന് കേന്ദ്ര വിഹിതം കിട്ടുന്നില്ല എന്ന കെ.എന്‍. ബാലഗോപാലിന്റെ വാദം തെറ്റാണെന്നും കണക്ക് പുറത്തുവിടാന്‍ തയ്യാറാണെന്നും സുരേന്ദ്രൻ പറഞ്ഞു.























