ഡോ. ഷഹനയുടെ ആത്മഹത്യ; ഡോ. റുവൈസിന്റെ അച്ഛനെയും പ്രതി ചേർത്തു

തിരുവനന്തപുരം: ഡോ. ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഡോ. റുവൈസിന്റെ അച്ഛനെയും പൊലീസ് പ്രതി ചേർത്തു. റുവൈസിന്റെ അച്ഛനും സ്ത്രീധനത്തിനായി സമ്മർദ്ദം ചെലുത്തിയെന്നാണ് ഷഹനയുടെ അമ്മയുടെ മൊഴി. ഇതേ തുടർന്നാണ് റുവൈസിന്റെ അച്ഛനെയും കേസില്‍ പ്രതി ചേർത്തത്. ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

കരുനാഗപ്പള്ളിയിലെ റുവൈസിന്റെ വീട് പൂട്ടിയ നിലയിലാണ്. പൊലീസ് ഇന്നലെ ബന്ധുക്കളുടെ വീട്ടിലുള്‍പ്പെടെ പൊലീസ് അന്വേഷണം നടത്തിയെങ്കിലും റുവൈസിന്റെ അച്ഛനെ കണ്ടെത്താനായില്ല. വിവാഹത്തിന് മുന്നോടിയായി റുവൈസും ബന്ധുക്കളും ഷഹനയുടെ വീട്ടിലേക്കും ഷഹനയുടെ ബന്ധുക്കള്‍ റുവൈസിൻ്റെ വീട്ടിലേക്കും പോയിരുന്നു. വിവാഹ തീയതി ഉള്‍പ്പെടെ ചർച്ച നടത്തിയിരുന്നു. എന്നാല്‍ ഭീമമായ സ്ത്രീധനമാണ് റുവൈസും കുടുംബവും ആവശ്യപ്പെട്ടത്. അത്രയും തുക നല്‍കാനിലെന്ന് ഷഹനയുടെ കുടുംബം അറിയിച്ചതോടെ റുവൈസ് ബന്ധത്തിൽ നിന്നും പിന്മാറിയതിനെ തുടര്‍‍ന്നാണ് ഹഹന ആത്മഹത്യ ചെയ്തത്.

ഷഹന ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് അറിഞ്ഞിട്ടും റുവൈസ് തടയാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല. സന്ദേശം എത്തിയതിന് പിന്നാലെ 9 മണിയോടെ റുവൈസ് ഷഹനയുടെ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇത് ഷഹനയുടെ മനോനില കൂടുതൽ തകർക്കാൻ ഇടയാക്കിയിട്ടുണ്ടെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. തിങ്കളാഴ്ച പതിനൊന്നരയോടെയാണ് ഡോ. ഷഹനയെ ഫ്ലാറ്റിൽ അബോധാവസ്ഥയിൽ കണ്ടെത്തുന്നത്.

അറസ്റ്റിലാകുന്നതിന് മുമ്പ് ഷഹന അയച്ച സന്ദേശം റുവൈസ് ഡിലീറ്റ് ചെയ്തിരുന്നു. പക്ഷെ കഴക്കൂട്ടം അസി.കമ്മീഷണറുടെ ചോദ്യം ചെയ്യലിൽ ഷഹന സന്ദേശം അയച്ചിരുന്നതായി റുവൈസ് സമ്മതിച്ചു. ഷഹനയുടെ മൊബൈലിൽ നിന്നും തെളിവുകള്‍ പൊലീസിന് ലഭിച്ചു. റുവൈസിന് പുറമെ അച്ഛനെയും ബന്ധുക്കളെയും കൂടി പ്രതി ചേർക്കാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം.