പത്തനംതിട്ട: കൊടുമണ്ണിൽ ഒമ്പതാം ക്ലാസുകാരിയെ കടത്തിക്കൊണ്ടുപോയ കാമുകനും സംഘവും പിടിയില്‍. ഇലവുംതിട്ട സ്വദേശികളായ അരുൺ, ബിജു, അജി ശശി, അഭിഷേക് എന്നിവരാണ് പിടിയിലായത്. കുട്ടിയെ കടത്തിക്കൊണ്ട് പോകുന്നതിനിടെ ഓട്ടോറിക്ഷ കേടായതോടെയാണ് പ്രതികള്‍ പൊലീസിന്റെ പിടിയിലായത്.

അരുണും പെൺകുട്ടിയും അടുപ്പത്തിൽ ആയിരുന്നു. കഴിഞ്ഞ രാത്രി വീട്ടിൽ നിന്നാണ് നാലംഗ സംഘം 14കാരിയെ കൊണ്ടു പോയത്. കാലൊടിഞ്ഞ് കിടപ്പിലായ പിതാവിനെ കാണാനെന്ന മട്ടിൽ വീട്ടിലെത്തിയാണ് പെൺകുട്ടിയുമായി പോയത്. വീട്ടുകാർ കൊടുമൺ പൊലീസിൽ പരാതി നൽകി. കൊടുമൺ പൊലീസ് സമീപ പൊലീസ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറി. രാത്രി പതിനൊന്നിന് മെഴുവേലിയിൽ വച്ച് സംഘം സഞ്ചരിച്ച ഓട്ടോറിക്ഷ കേടായി. ഇതു വഴി എത്തിയ ഇലവുംതിട്ട പൊലീസ് ഓട്ടോറിക്ഷ കണ്ട് പ്രതികളെ പിടികൂടുകയായിരുന്നു. രാത്രി തന്നെ പ്രതികളേയും പെൺകുട്ടിയേയും കൊടുമൺ പൊലീസിന് കൈമാറി. പെൺകുട്ടിയെ മൊഴിയെടുത്ത ശേഷം വീട്ടുകാർക്കൊപ്പം വിട്ടു.

























