പിജി ഡോക്ടറുടെ ആത്മഹത്യയ്ക്ക് പിന്നില്‍ സ്ത്രീധനം? ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി ഡോക്ടറുടെ ആത്മഹത്യയ്ക്ക് പിന്നില്‍ സ്ത്രീധനമാണെന്ന് ആരോപണം. ഇതോടെ അന്വേഷണത്തിന് നിര്‍ദേശം നൽകി ആരോഗ്യമന്ത്രി വീണ ജോര്‍ജ്.വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കാണ് നിര്‍ദേശംനൽകിയത്.

തിരുവനന്തപുരം മെഡിക്കൽ കോളജ് സർജറി വിഭാഗത്തിലെ പിജി വിദ്യാർഥിനിയും വെഞ്ഞാറമൂട് സ്വദേശിനിയുമായ ഡോ. ഷഹനയെയാണ് (26) കഴിഞ്ഞ ദിവസം ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിരുന്നു. ചുരുങ്ങിയ വാക്കുകൾ മാത്രമാണ് കുറിപ്പിലുള്ളതെന്ന് പൊലീസ് പറയുന്നു.

ഷഹ്ന സർജറി വിഭാഗത്തിൽ പി ജി ചെയ്യുകയായിരുന്നു. വാപ്പയായിരുന്നു എല്ലാമെന്നും ആശ്രയമായ വാപ്പ മരിച്ചുവെന്നും ഇനി സാമ്പത്തികമായി സഹായിക്കാന്‍ ആരുമില്ലെന്നുമാണ് കുറിപ്പില്‍ പറയുന്നത്. എല്ലാവര്‍ക്കും പണം മതിയെന്നും ആരെയും ബുദ്ധിമുട്ടിക്കാനില്ലെന്നും കുറിപ്പില്‍ എഴുതിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് അനസ്തേഷ്യ മരുന്ന് കൂടുതലായി കുത്തിവച്ചതാണ് മരണകാരണമെന്ന് വ്യക്തമായത്.
സഹോദരിയുടെ വിവാഹം കഴിഞ്ഞു. ഇനി സഹോദരന്‍ മാത്രമാണുള്ളതെന്നും വിവാഹത്തിന് ഉള്‍പ്പെടെ പണം ആവശ്യമാണെന്നും ഇനി ആര് നല്‍കാനാണെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്. ഒപ്പം പഠിക്കുന്ന സുഹൃത്തുമായി വിവാഹം നിശ്ചയിച്ചിരുന്നുവെന്നും ഇവര്‍ ആവശ്യപ്പെട്ട പണം നല്‍കാത്തതിനാല്‍ ആ വിവാഹം മുടുങ്ങുന്ന സാഹചര്യമുണ്ടാക്കിയത് ഷെഹ്നയെ വിഷമിപ്പിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.