മറിയക്കുട്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: പെന്‍ഷന്‍ മുടങ്ങിയത് ചോദ്യം ചെയ്ത് അടിമാലി സ്വദേശിനി മറിയക്കുട്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എന്തുകൊണ്ട് പെന്‍ഷന്‍ നല്‍കിയില്ലെന്ന് മറുപടി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്ര വിഹിതം ലഭിച്ചില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിനോട് മറുപടി നല്‍കാനും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍, പെന്‍ഷന്‍ നല്‍കാന്‍ വൈകുന്നതിനിനെ വിമര്‍ശിച്ച കോടതി, മറിയക്കുട്ടിയെപ്പോലെയുള്ളവര്‍ എങ്ങനെ ജീവിക്കുമെന്ന് ചോദിച്ചിരുന്നു.

ഹര്‍ജി രാഷ്ടീയ പ്രേരിതമെന്ന സര്‍ക്കാര്‍ നിലപാടിലും കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കോടതിയുടെ കടുത്ത വിമര്‍ശനത്തിനൊടുവില്‍ ഈ ആക്ഷേപം സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. വിധവാ പെന്‍ഷന്‍ മുടങ്ങിയതിനെതിരെയാണ് മറിയക്കുട്ടി രംഗത്ത് എത്തിയത്.