ശബരിമല: ശതാഭിഷിക്തനാകുന്ന ഗായകൻ ഡോ.കെ.ജെ യേശുദാസിന് മംഗളങ്ങളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഭാവഗായകനായി ജൻമനക്ഷത്രത്തിൽ (ജനുവരി 12 ന് ) ശബരിമല ക്ഷേത്രത്തില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് വക പ്രത്യേക വഴിപാടുകളും നെയ്യഭിഷേകവും നടത്തും. പുലർച്ചെ ഗണപതിഹോമവും സഹസ്രനാമാർച്ചനയും ശനിദോഷനിവാരണത്തിനായി നീരാഞ്ജനവും നടത്തും.ഗാനഗന്ധർവ്വനു വേണ്ടി നെയ്യഭിഷേകവും നടത്തുന്നുണ്ട്. ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒ.ജി.ബിജുവിന്‍റെ ചുമതലയിലാണ് വഴിപാടുകൾ നടത്തുക.

എൺപത്തിനാലിന്‍റെ നിറവിൽ നിൽക്കുന്ന,ഭക്തകോടികൾക്ക് ഭാഷാഭേദമെന്യേ അയ്യപ്പസ്വാമിയുടെ നൂറുകണക്കിന് കീർത്തനങ്ങൾ സമ്മാനിച്ച ഡോ.കെ.ജെ.യേശുദാസിന് ദീർഘായുസ്സും ആയുരാരോഗ്യസൗഖ്യവും ഉണ്ടാകട്ടെയെന്നും അദ്ദേഹത്തിന് എല്ലാവിധ ജൻമദിനാശംസകളും നേരുകയാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് പറഞ്ഞു. സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി ഏർപെടുത്തിയിട്ടുള്ള ഹരിവരാസന പുരസ്കാരത്തിന്‍റെ ആദ്യ സ്വീകർത്താവു കൂടിയായ ഡോ.കെ.ജെ.യേശുദാസിനു വേണ്ടി ജൻമനക്ഷത്രത്തിൽ ദേവസ്വം ബോർഡ് നടത്തുന്ന വഴിപാടുകളുടെ പ്രസാദം അമേരിക്കയിൽ കഴിയുന്ന അദ്ദേഹത്തിന് എത്തിക്കാനുള്ള ക്രമീകരണം നടത്തിയതായും ദേവസ്വം ബോർഡ് പ്രസിഡന്‍റ് അറിയിച്ചു.

























