രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള പുരസ്‌കാരം കേരളത്തിന്

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്ഥന്‍ 2023 പുരസ്‌കാരം കേരളത്തിന് ലഭിച്ചു. സംസ്ഥാനത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് ഏറ്റവും ഉയര്‍ന്ന സ്‌കീം വിനിയോഗത്തിനുള്ള മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയത്.

എ ബി പി എം ജെ എ വൈയുടെ വാര്‍ഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി ആരോഗ്യമന്ഥന്‍ 2023 പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ചികിത്സ നല്‍കിയ സംസ്ഥാനം എന്ന വിഭാഗത്തില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് തുടര്‍ച്ചയായി ഇത് മൂന്നാം തവണയാണ് പുരസ്‌കാരം ലഭിക്കുന്നത്. എ ബി പി എം ജെ എ വൈ പദ്ധതി മുഖാന്തിരം രാജ്യത്ത് ‘ഏറ്റവും കൂടുതല്‍ ചികിത്സ നല്‍കിയ സംസ്ഥാനം’, പദ്ധതി ഗുണഭോക്താക്കളായുള്ള കാഴ്ച പരിമിതര്‍ക്കായി പ്രത്യേകം ലഭ്യമാക്കിയ സേവനങ്ങള്‍ക്ക് ‘മികവുറ്റ പ്രവര്‍ത്തനങ്ങള്‍’ എന്നീ രണ്ട് വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ ലഭിച്ചത്.