ചെന്നൈ: പളനി ക്ഷേത്രത്തിൻറെ പ്രവേശന കവാടത്തിലെ കൊടിമരത്തിനിപ്പുറം അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന ബോർഡുകൾ സ്ഥാപിക്കണമെന്ന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. ക്ഷേത്രങ്ങൾ ഭരണഘടനയുടെ ആർട്ടിക്കിൾ 15 ൻറെ പരിധിയിൽ വരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, അഹിന്ദുക്കൾക്കുള്ള പ്രവേശന നിയന്ത്രണം അനുചിതമല്ലെന്ന് പറഞ്ഞു. ആചാരങ്ങളും അനുഷ്ഠാനങ്ങളും അനുസരിച്ച് ക്ഷേത്രം പരിപാലിക്കണമെന്നും മധുര ബെഞ്ചിലെ ജഡ്ജി എസ് ശ്രീമതി അധികൃതരോട് നിർദേശിച്ചു.

പളനി ഹിൽ ടെമ്പിൾ ഡിവോട്ടീസ് ഓർഗനൈസേഷൻ നേതാവായ ഡി സെന്തിൽകുമാർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. പളനി മലയിലേക്കുള്ള പ്രവേശന ടിക്കറ്റുമായി വിനോദസഞ്ചാരികൾ ക്ഷേത്രത്തിൽ വരുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ക്ഷേത്രങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങളല്ലെന്നും ക്ഷേത്രത്തിലെ വാസ്തുവിദ്യ ഇഷ്ടപ്പെട്ട് എത്തുന്നവരാണെങ്കിൽ പോലും കൊടിമരത്തിനിപ്പുറം പ്രവേശനം അനുവദിക്കേണ്ടെന്ന് കോടതി വ്യക്തമാക്കി.

























