
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ കൊലക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചതിനെതിരെ ഷാരോണിന്റെ അച്ഛൻ ജയരാജ് രംഗത്ത്. പണവും സ്വാധീനവും ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നും ജയരാജ് ആരോപിച്ചു. നീതിക്കായി ഏത് അറ്റം വരെയും പോകും. മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകുമെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും ജയരാജ് പറഞ്ഞു.


ഷാരോണിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഗ്രീഷ്മക്ക് ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. പത്ത് മാസത്തെ ജയിൽവാസത്തിന് ശേഷമാണ് ഗ്രീഷ്മ ജാമ്യത്തിലിറങ്ങിയത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഗ്രീഷ്മ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാൻ തയ്യാറായില്ല. തമിഴ്നാട്ടിലേക്ക് കേസ് മാറ്റണമെന്ന ആവശ്യത്തെക്കുറിച്ചു ചോദിച്ചപ്പോൾ ‘എന്റെ ആവശ്യങ്ങൾ ഞാൻ ഉള്ളവരോടു പറഞ്ഞോളാം. എനിക്ക് നിങ്ങളോടൊന്നും പറയാനില്ലെ’ന്നായിരുന്നു മറുപടി.
കഴിഞ്ഞ വർഷം ഒക്ടോബർ 31നായിരുന്നു പാറശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് ഗ്രീഷ്മയെ അറസ്റ്റ് ചെയ്തത്.























