
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാമത്തെ വന്ദേഭാരത് ഇന്ന് മുതൽ യാത്ര ആരംഭിക്കും. തിരുവനന്തപുരം സെൻട്രലിൽ നിന്ന് ചൊവ്വാഴ്ച വൈകിട്ട് 4.05ന് ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം സെൻട്രൽ –കാസർകോട് (20632) വന്ദേഭാരത് എക്സ്പ്രസ് പുറപ്പെടും. എട്ട് കോച്ചുകളുള്ള വന്ദേഭാരത്തിൽ മുഴുവൻ സീറ്റുകളിലേക്കും റിസർവേഷൻ നടന്നതായി റെയിൽവേ വ്യക്തമാക്കി.


തിരുവനന്തപുരത്തു നിന്ന് കാസർകോട്ടേക്ക് എ സി ചെയർകാറിന് 1515 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിന് 2800 രൂപയുമാണ് ടിക്കറ്റ് നിരക്ക് വരുന്നത്. എക്സിക്യൂട്ടീവ് ചെയർകാറിൽ 54 സീറ്റും എസിചെയർ കാറുകളിലായി 476 സീറ്റുമാണുള്ളത്.
ബുധനാഴ്ച മുതൽ ഇരുഭാഗത്തേക്കും ട്രെയിനുകൾ സർവീസ് നടത്തും. രാവിലെ ഏഴിന് കാസർകോടു നിന്ന് -തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് (20631) പുറപ്പെടും. കാസർകോട് വന്ദേഭാരത് (20632) തിങ്കളാഴ്ചകളിലും തിരുവനന്തപുരം സെൻട്രൽ വന്ദേഭാരത് (20631) ചൊവ്വാഴ്ചകളിലും സർവീസ് നടത്തില്ല.























