ആഘോഷങ്ങൾ വേണ്ടെന്ന് വെക്കുന്നുണ്ടോ? മറിയക്കുട്ടിക്ക് പെന്‍ഷന്‍ നല്‍കിയേ തീരൂവെന്ന് ഹൈക്കോടതി

കൊച്ചി: മറിയക്കുട്ടിക്ക് വിധവ പെൻഷൻ മുടങ്ങിയതിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. മറിയക്കുട്ടിക്ക് പെൻഷൻ നൽകിയേ തീരുവെന്ന് കോടതി വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് സർക്കാർ അറിയിച്ചപ്പോൾ ഏതെങ്കിലും ആഘോഷങ്ങൾ വേണ്ടെന്ന് വെക്കുന്നുണ്ടോ എന്നും കോടതി ചോദിച്ചു.

78 കാരിയായ മറിയക്കുട്ടി കോടതിക്ക് വിഐപിയാണന്ന പരാമർശത്തോടെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിമർശനം. ക്രിസ്തുമസിന് പെൻഷൻ ചോദിച്ച് കോടതിയിൽ എത്തിയത് നിസാരമായി കാണാനാവില്ല. 1600 രൂപ സർക്കാരിന് ഒന്നുമല്ലായിരിക്കും. എന്നാൽ മറിയക്കുട്ടിക്ക് അതൊരു വലിയ തുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. സാമ്പത്തിക പ്രതിസന്ധിയിലെന്നും, ഏപ്രിൽ മുതൽ കേന്ദ്ര പെൻഷൻ വിഹിതം കിട്ടിയിട്ടില്ലെന്നും സർക്കാർ അറിയിച്ചു. എന്നാൽ മറ്റ് കാര്യങ്ങൾക്ക് ചിലവാക്കാൻ സർക്കാരിന് പണം ഉണ്ടല്ലോയെന്നായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിമർശനം.

മറിയക്കുട്ടിക്ക് പെൻഷൻ നൽകിയേ തീരൂ. അല്ലെങ്കിൽ മൂന്ന് മാസത്തെ മറിയക്കുട്ടിയുടെ ചെലവ് സർക്കാർ ഏറ്റെടുക്കണം. പണം കൊടുക്കാൻ വയ്യെങ്കിൽ മരുന്നിന്റെയും ആഹാരത്തിന്റെയും ചെലവെങ്കിലും കൊടുക്കൂവെന്നും ഹൈക്കോടതി പറഞ്ഞു. പെൻഷൻ എപ്പോൾ നൽകാനാകുമെന്ന് നാളെ അറിയിക്കണമെന്ന് നിർദേശിച്ച കോടതി, കേന്ദ്രത്തിനോടും വിശദീകരണം തേടി.