കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി ശിശുദിനമായ നവംബർ 14ന്. ശിക്ഷയില്‍ വാദം പൂർത്തിയായി. പ്രതി അസഫാക് ആലത്തിനെതിരെ ചുമത്തിയിരുന്ന 16 കുറ്റങ്ങളും തെളിഞ്ഞെങ്കിലും സമാനമായ വകുപ്പുകളിൽ കൂടുതൽ ശിക്ഷയുള്ളതിന് മാത്രമായിരിക്കും ശിക്ഷയെന്ന് കോടതി വ്യക്തമാക്കി. പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷനും, പ്രായത്തിന്റെ ഇളവ് നൽകണമെന്ന് പ്രതിഭാഗവും ആവശ്യപ്പെട്ടു.

ആലുവയിൽ അഞ്ചുവയസ്സുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി അസഫാക് ആലത്തിന് മാതൃകാപരമായ ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യം. പ്രതിക്കെതിരെ ചുമത്തിയിരുന്ന 16 കുറ്റങ്ങളും തെളിഞ്ഞെങ്കിലും സമാനമായ വകുപ്പുകളിൽ കൂടുതൽ ശിക്ഷയുള്ളതിന് മാത്രമായിരിക്കും ശിക്ഷയെന്ന് കോടതി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം കൂടുതൽ ശിക്ഷയുള്ള വകുപ്പുകൾ നിലനിർത്തിയശേഷം 376 എബി, 376 (2) (എം), 376(2)(എന്‍) എന്നിവ ശിക്ഷയിൽനിന്ന് ഒഴിവാക്കി. ബാക്കി 13 കുറ്റങ്ങൾക്കാണ് ശിക്ഷ വിധിക്കുക.


പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പ്രതിയുടെ പ്രായം കണക്കിലെടുത്ത് പരിവർത്തനത്തിനും , പുനരധിവാസത്തിനുമുള്ള അവസരം നൽകണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
പ്രായത്തിന്റെ ആനുകൂല്യം നൽകി പ്രതിയെ സമൂഹത്തിലേക്ക് വിടുന്നത് ജനിക്കാനിരിക്കുന്ന കുട്ടികളെപ്പോലും അപകടത്തിലാക്കുന്ന നടപടിയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതിയെപ്പോലുള്ളവരോടുള്ള ഭയംമൂലം കുട്ടികൾക്ക് സ്വതന്ത്രമായ കുട്ടിക്കാലം നിഷേധിക്കപ്പെടുന്നുവെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. പിഞ്ചുകുഞ്ഞിന്റെ നിഷ്കളങ്കത മുതലെടുത്ത പ്രതിക്കെതിരായ ശിക്ഷാവിധി ശിശുദിനത്തിലാണ് കോടതി നിശ്ചയിച്ചിരിക്കുന്നത്.























