തിരുവനന്തപുരം: അതിവേഗം പടരുന്ന കൊവിഡ് വകഭേദം ഒമിക്രോൺ ജെ.എൻ.വൺ, കേരളത്തിലും റിപ്പോർട്ട് ചെയ്തതോടെകനത്ത ജാഗ്രതാ നിര്‍ദ്ദേശം. വ്യാപനശേഷി കൂടുതലായ ഈ വകഭേദത്തിന് ആർജ്ജിത പ്രതിരോധശേഷി മറികടക്കാനാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണവും ഉയരുകയാണ്. ആക്ടീവ് കേസുകൾ 1,523 ആയി ഉയർന്നു. ജനിതക ഘടന പരിശോധന നടത്തുന്ന ലാബുകളുടെ കൺസോർഷ്യമായ INSACOG നടത്തിയ പഠനത്തിലാണ് കേരളത്തിൽ ജെ.എൻ1 വകഭേദം കണ്ടെത്തിയത്.

ഒമിക്രോണിന്റെ ഉപവകഭേദത്തിൽപ്പെട്ട വൈറസാണിത്. ലോകത്ത് പുതുതായി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ നല്ല പങ്കും ജെ എൻ.1 വകഭേദമെന്നാണ് കണക്ക്. ഇതിനിടെയാണ് കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നിന്ന് ശേഖരിച്ച ഒരു സാമ്പിളിൽ ജെ എൻ.1 സ്ഥിരീകരിച്ചത്. ആശങ്ക വേണ്ടെന്നാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്. ആരോഗ്യമന്ത്രാലത്തിന്റെ കണക്ക് പ്രകാരം ഇന്നലെ മാത്രം സംസ്ഥാനത്ത് 199 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ആകെയുള്ള ആക്ടീവ് കേസുകൾ 1701 എന്നാണ് മന്ത്രാലത്തിന്റെ കണക്ക്. ഇതിൽ 1523 ഉം കേരളത്തിൽ.

























