കളമശ്ശേരി സ്ഫോടനം; ഒരാൾ കൂടി മരിച്ചു, കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി

കൊച്ചി: യഹോവായ സാക്ഷികളുടെ സമ്മേളനത്തിനിടെ കളമശ്ശേരിയിൽ നടന്ന സ്ഫോടനത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ഇടുക്കി സ്വദേശി ലില്ലി ജോൺ ആണ് മരിച്ചത്. സ്ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ലില്ലി. ഇവരുടെ ഭർത്താവ് എകെ ജോൺ കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്. ഇതോടെ മരണം എട്ടായി.

പെരുമ്പാവൂർ ഇരിങ്ങോൾ സ്വദേശി ലെയോണ പൗലോസ് (60), കളമശ്ശേരി സ്വദേശി മോളി ജോയ് (61), മലയാറ്റൂർ നീലീശ്വരത്തെ ലിബ്‌ന(ഏഴ്), അമ്മ സാലി, സഹോദരൻ പ്രവീൺ, തൊടുപുഴ സ്വദേശിയായ കുമാരി (53) എന്നിവരാണ് സംഭവത്തിൽ ഇതുവരെ മരിച്ച മറ്റുള്ളവർ. കേസിൽ അറസ്റ്റിലായ ഏക പ്രതി ഡൊമിനിക് മാർട്ടിൻ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഉള്ളത്. കേസിൽ പ്രതിയുടെ വിദേശബന്ധങ്ങളടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.