കൊച്ചി: കളമശ്ശേരി സ്ഫോടനം കേസിലെ പ്രതി ഡൊമിനിക്ക് മാർട്ടിൻ റിമാൻഡിൽ. കേസ് അതീവ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി അടുത്ത മാസം 29 വരെയാണ് പ്രതിയെ റിമാന്‍ഡില്‍ വിട്ടിരിക്കുന്നത്. ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. കേസില്‍ അഭിഭാഷകന്റെ സേവനം വേണ്ടെന്ന് പ്രതി ഡൊമിനിക്ക് മാർട്ടിന് കോടതിയില്‍ പറഞ്ഞു. കേസ് സ്വയം കേസ് വാദിക്കാമെന്നാണ് പ്രതി കോടതിയെ അറിയിച്ചത്. പൊലീസിനെതിരെ പരാതിയില്ലെന്നും പ്രതി കോടതിയെ അറിയിച്ചു.

തെളിവെടുപ്പിന് ശേഷമാണ് പ്രതി ഡൊമിനിക്ക് മാർട്ടിനെ പൊലീസ് കോടതിയില്‍ ഹാജരാക്കിയത്. ബോംബ് നിർമിച്ചത് മാർട്ടിൻ തനിച്ചാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. അത്താണിയിലെ വീട്ടിൽ വെച്ചാണ് ബോംബ് ഉണ്ടാക്കിയതെന്നാണ് പ്രതിയുടെ മൊഴി. ചെയ്തത് എന്തൊക്കെയാണെന്ന് ഇയാൾ തന്നെ അക്കമിട്ട് പറഞ്ഞിട്ടുള്ള സാഹചര്യത്തിൽ തെളിവുകളുമായി വച്ച് അത് ഒത്തുപോകുന്നുണ്ടോ എന്നതാണ് പൊലീസ് പരിശോധിക്കുന്നത്.

























