കാലിക്കറ്റ്‌ സർവകലാശാലയിൽ ഗവർണർക്കെതിരായി എസ്എഫ്ഐ ബാനർ; കുപിതനായി ഗവര്‍ണര്‍, നീക്കം ചെയ്യാൻ നിര്‍ദ്ദേശം

കോഴിക്കോട് : കാലിക്കറ്റ്‌ സർവകലാശാലയിൽ ഗവർണർക്കെതിരായി എസ് എഫ് ഐ ബാനർ കെട്ടിയതിൽ വൈസ് ചാൻസലറോട് വിശദീകരണം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവൻ സെക്രട്ടറിക്കാണ് വി സിയോട് വിശദീകരണം ചോദിക്കാൻ നിർദേശം നൽകിയത്. ബാനറുകൾ കെട്ടാൻ അനുവദിച്ചത് എന്തിനെന്ന് വിശദീകരിക്കണം. ബാനറുകൾ എന്തുകൊണ്ട് നീക്കിയില്ലെന്ന കാര്യത്തിലും വിശദീകരണം തേടാൻ നിർദ്ദേശം നൽകി. ഉടൻ ബാനറുകൾ നീക്കം ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.

കോഴിക്കോട് വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങിയെത്തിയ ഗവർണർ ഗസ്റ്റ് ഹൗസിൽ നിന്നും പുറത്തിറങ്ങി ബാനറുകൾ അഴിച്ചു മാറ്റത്തതിലുള്ള അതൃപ്തി പൊലീസിനോട് പ്രകടിപ്പിച്ചു. തുടർന്നാണ് രാജ്യസഭാ സെക്രട്ടറിയെ ഫോണിൽ വിളിച്ചു വി സിയോട് വിശദീകരണം തേടാൻ നിർദേശിച്ചത്.

കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ ക്യാമ്പസുകളിൽ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ ആഹ്വാനം ചെയ്തിരുന്നു.